തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രി സഭയിലെടുക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ സംസ്ഥാന ബിജെപിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സൂചന.
മുന്‍സംസ്ഥാന പ്രസിഡന്റുമാരായ പി കെ കൃഷ്ണദാസ്-മുരളീധരന്‍ പക്ഷങ്ങളിലെ ബഹുഭൂരിപക്ഷം നേതാക്കളും തുഷാറിന്റെ വഴിമുടക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
വ്യക്തമായ രാഷ്ട്രീയ രൂപം പോലുമില്ലാതെ പിറവിയുടെ ഘട്ടത്തില്‍ നല്‍ക്കുന്ന ബിഡിജെഎസിന്റെ കേരളത്തിലെ ഭാവി എന്താണെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെയേ മനസിലാക്കാന്‍ സാധിക്കു എന്നതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തുഷാറിനെ കേന്ദ്രമന്ത്രി സഭയിലെടുത്താല്‍ കനത്ത പ്രത്യാഘാതം ബിജെപി നേരിടേണ്ടി വരുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച തുഷാര്‍ വെള്ളാപ്പള്ളിയോടും സംഘത്തോടും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും അമിത് ഷാ നല്‍കിയിട്ടില്ലെന്നാണ് ബിജെപി സംസ്ഥാനനേതൃത്വം അവകാശപ്പെടുന്നത്.
താന്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഇത് സംബന്ധമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അമിത് ഷായെ ഒറ്റക്ക് സന്ദര്‍ശിച്ച ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവര്‍ തുഷാറിന് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതായ വാര്‍ത്ത ബിജെപി പ്രവര്‍ത്തകരെയും പ്രകോപിതരാക്കിയിട്ടുണ്ട്.
ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നിരവധി നേതാക്കള്‍ ബിജെപി നേതൃത്വത്തില്‍ നില്‍ക്കെ പാര്‍ട്ടിയെ തഴഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സഭയില്‍ പരിഗണന നല്‍കേണ്ട ഒരു സാഹചര്യവും കേരളത്തില്‍ ഇല്ലെന്നാണ് പ്രവര്‍ത്തകരുടെ വികാരം.
തദ്ദേശതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ശക്തി കേന്ദ്രങ്ങളായ കൊല്ലത്തും വെള്ളാപ്പള്ളിയുടെ ആലപ്പുഴയില്‍ പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതും എന്നാല്‍ മറ്റ് ഇടങ്ങളില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപിയുടെ ശക്തി മാത്രമാണ് കാണിക്കുന്നതെന്നാണ് ഇവരുടെപക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണ് വേണ്ടതെന്നും അതല്ലാതെ ഒറ്റയടിക്ക് കേന്ദ്രമന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്നുമാണ് സംസ്ഥാന നേതാക്കളും അഭിപ്രായപ്പെടുന്നത്.
മാത്രമല്ല, മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്, സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം എന്നീ കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നതു കൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ചില മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.