തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പിളര്‍ന്നു. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മലന്റെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിലവിലെ ബി.ഡി.ജെ.എസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തിയതായി ചൂഴാല്‍ നിര്‍മലന്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു മാസക്കാലമായി പാര്‍ട്ടിക്ക് യാതൊരു പ്രവര്‍ത്തനവുമില്ലെന്നും നിര്‍മ്മലന്‍ പറഞ്ഞു. തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയത് പത്രത്തിലൂടെയാണ് അറിഞ്ഞത്. സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. പാര്‍ട്ടിയില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെരിപ്പെടുക്കുന്ന ചിലരാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്നും നിര്‍മ്മലന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറച്ച് നാളായി തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബി.ഡി.ജെ.എസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പുതിയ പാര്‍ട്ടി രൂപവല്‍ക്കരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി ഉള്‍പ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.