ചെക്കുകേസ്; തുഷാര്‍ മുഴുവന്‍ പണവും നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന് നാസില്‍ അബ്ദുള്ള

ദുബായ്: മുഴുവന്‍ പണവും ലഭിക്കാത്ത പക്ഷം കേസ് പിന്‍വലിക്കുകയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള.

ജീവിക്കാന്‍ വഴിയില്ലാതെ വന്ന സാഹചര്യത്തിലാണ് കേസ് നല്‍കിയതെന്നും ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും നാസില്‍ പറഞ്ഞു.

ഒരു സ്ത്രീയെ ഉപയോഗിച്ചാണ് തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍, ഇത് തന്റെ ആശയമല്ല, ദുബായ് സിഐഡിമാര്‍ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്. വസ്തുക്കച്ചവടത്തിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു വിളിച്ചത്. ചെക്ക് മോഷ്ടിച്ചതല്ല. ചെക്കിലെ ഒപ്പ് വ്യാജമാണെങ്കില്‍ തുഷാറിന് കോടതിയില്‍ തെളിയിക്കാവുന്നതാണ്. തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ല. കേസ് രാഷ്ട്രീയപ്രേരിതവുമല്ല, നാസില്‍ പറയുന്നു.

തുഷാര്‍ പണം കൊടുക്കാന്‍ നിരവധി പേരുണ്ട്. ഭയം കാരണമാണ് ആരും മുന്നോട്ടു വരാത്തത്. തങ്ങളെപ്പോലുള്ളവരെ പിന്തുണയ്ക്കാന്‍ ആരുമില്ല. തുഷാറിനെ രക്ഷപെടുത്താന്‍ മുഖ്യമന്ത്രി പോലുമുണ്ട്. തുഷാര്‍ പണം നല്‍കാനുള്ള കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് നേരത്തെ പറഞ്ഞതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പറഞ്ഞത്. എന്നാല്‍ ഘടകക്ഷി നേതാവായതിനാല്‍ ഇടപെടാനാവില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള അറിയിച്ചത്, നാസില്‍ വ്യക്തമാക്കി.

Top