തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘപരിവാറില്‍ ശക്തമാകുന്നു.
ഹൈന്ദവ സമൂഹം ശബരിമല വിഷയത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടു നിന്നതാണ് ആര്‍.എസ്.എസ്-ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അയ്യപ്പ ജ്യോതിയില്‍ നിന്നും വിട്ടു നില്‍ക്കുക മാത്രമല്ല വനിതാ മതിലിന് സാഹചര്യം ഒത്തുവന്നാല്‍ പിന്തുണക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതും സംഘപരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിലിന്റെ സംഘാടക സമിതി തലപ്പത്തുള്ളത്. മകനെ പറഞ്ഞ് തിരുത്തിയതും വെള്ളാപ്പള്ളിയുടെ ഇടപെടല്‍ മൂലമാണെന്നാണ് സംഘപരിവാര്‍ കരുതുന്നത്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലും അവസരവാദികളെ കൂടെ കൂട്ടേണ്ടതില്ലന്ന വികാരമാണ് ഉള്ളത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഉടന്‍ തന്നെ ഇക്കാര്യം അറിയിക്കാനാണ് നേതാക്കളുടെ തീരുമാനം.
മൈക്രോ ഫിനാന്‍സ് തട്ടിപ്പും സ്വാമി ശാശ്വതീകാനന്ദയുടെ മരണവും അടക്കം നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന വെള്ളാപ്പള്ളിമാര്‍ സ്വന്തം നില ഭദ്രമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തി വരുന്നത്.
ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമൂഹത്തിനുള്ളില്‍ ഒരു സ്വാധീനവും ഇവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബി.ഡി.ജെ.എസ് ഇല്ലാതിരുന്നിട്ടും അയ്യപ്പ ജ്യോതി വലിയ വിജയമായത് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സി.പി.എം ആകട്ടെ വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്തിയത് താല്‍ക്കാലികമാണെന്നും .തന്ത്ര പരമായ നീക്കത്തിന്റെ ഭാഗമാന്നെന്നുമാണ് പറയുന്നത്.
അതേസമയം, വനിതാ മതില്‍ സംഘാടക സമിതി തലപ്പത്ത് വെള്ളാപ്പള്ളിയെ പ്രതിഷ്ടിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് വി.എസ് അച്ചുതാന്ദന്‍.ജാതി സംഘടനകള്‍ ഇല്ലാതെ ഒറ്റക്ക് കേരളത്തില്‍ മതില്‍ തീര്‍ക്കാനുള്ള ശേഷി സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇവിടെ ഉണ്ടെന്നാണ് വി.എസിന്റെ വാദം. ഈ വാദത്തിനെയാണ് സി.പി.എം അണികളില്‍ ബഹുഭൂരിപക്ഷവും പിന്തുണക്കുന്നത്.
ഇതിനിടെ, മലക്കം മറിച്ചില്‍ തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെയും വെള്ളാപ്പള്ളി നടേശന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ബി.ജെ.പി ഇടപെട്ട് എസ്.എന്‍.ഡി.പി യോഗത്തില്‍ പിളര്‍പ്പ് ഉണ്ടാക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
ഇടതുപക്ഷ മുന്നണി വിപുലീകരിച്ച പശ്ചാത്തലത്തില്‍ ആ മുന്നണിയില്‍ കയറി കൂടാന്‍ ബി.ഡി.ജെ.എസ് നടത്തുന്ന നീക്കമായും തുഷാറിന്റെ നിലപാടിനെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിലയിരുത്തപ്പെടുന്നുണ്ട്. കേരളത്തില്‍ യു.ഡി.എഫിന്റെയോ ഇടതു പക്ഷത്തിന്റേയോ ഭാഗമാകാതെ നേട്ടം കൊയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശന്‍.
രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതും വെള്ളാപ്പള്ളിമാരുടെ മനം മാറ്റത്തിന് മറ്റൊരു കാരണമാണ്.
അധികാര കൊതിയോടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ തിരിച്ചറിഞ്ഞ് അടുപ്പിക്കാതെ അകലത്തില്‍ നിര്‍ത്തുന്നതാണ് സി.പി.എമ്മിനും ബി.ജെ.പിക്കും നല്ലതെന്നാണ് രാഷ്ട്രിയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അയ്യപ്പ ജ്യോതിയുടെ വിജയം വനിതാ മതിലിനെ സംബന്ധിച്ച് ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെയല്ല സി.പി.എമ്മിന്റെ സംഘടനാകരുത്താണ് വനിതാ മതിലിനു വേണ്ടി സംസ്ഥാന വ്യാപകമായി പാര്‍ട്ടി ഘടകങ്ങള്‍ ഉപയോഗിച്ച് വരുന്നത്.