മോസ്‌കോ: മെക്‌സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-0 ന് പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി കളിക്കളത്തില്‍ നിറഞ്ഞു നിന്ന സൂപ്പര്‍ താരം നെയ്മറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീല്‍ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ നെയ്മറുടെ അമിതാഭിനയം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.
എന്നാല്‍ ഈ ആരോപണങ്ങളെ തള്ളി ബ്രസീല്‍ പ്രതിരോധതാരം തിയാഗോ സില്‍വ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടീമിലെ ഏറ്റവും മികച്ച താരത്തിനെതിരെ എതിര്‍ പ്രതിരോധനിര പരുക്കന്‍ അടവുകള്‍ പുറത്തെടുക്കുന്നത് സര്‍വ്വസാധാരണമാണെന്നാണ് സില്‍വയുടെ പക്ഷം.
‘നെയ്മറിനെ എതിരാളികള്‍ ക്രൂരമായ ഫൗളിന് ഇരയാക്കുന്നത് ഇതാദ്യത്തെ സംഭവമല്ല, കാരണം മുന്നേറ്റത്തില്‍ നെയ്മറിനെ തടയാന്‍ മറ്റ് വഴികളില്ലെന്ന് എതിരാളികള്‍ക്കറിയാം. മികച്ച ഡ്രിബിളുകളും, സ്‌കില്ലുകളുമായി തങ്ങള്‍ക്ക് തലവേദന നല്‍കുന്ന താരത്തെ തടഞ്ഞുനിര്‍ത്താന്‍ ഫൗള്‍ ചെയ്യുകയല്ലാതെ വേറെ വഴി അവര്‍ക്ക് മുന്നിലുണ്ടാവില്ല. ടീമിലെ ഏറ്റവും മികച്ച താരമായത് കൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ ഫൗളുകളും നെയ്മറിനെതിരെയാകുന്നത്’. സില്‍വ പറഞ്ഞു.
മെക്‌സിക്കോ നല്ലതുപോലെ കളിച്ചു. എന്നാല്‍ ഇന്നലത്തെ കളിയില്‍ അവരേക്കാള്‍ മികച്ചരീതിയില്‍ ഞങ്ങള്‍ കളിച്ചു. അതുകൊണ്ടുതന്നെ ജയം ഞങ്ങള്‍ അര്‍ഹിച്ചിരുന്നു എന്നും സില്‍വ വ്യക്തമാക്കി. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നും സില്‍വ പറയുന്നു.
‘ശാരീരികമായും സാങ്കേതികപരമായും കരുത്തരാണ് ബെല്‍ജിയം. ക്വാര്‍ട്ടറിലെത്താന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള ടീമാണ് അവര്‍. അവര്‍ക്കെതിരെയുള്ള മത്സരം കടുപ്പമേറിയതായിരിക്കും’ സില്‍വ പറഞ്ഞു.