ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നു

ന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചതിനു പിന്നാലെ അമേരിക്കയും നിരോധിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ഇപ്പോഴിതാ ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടിക് ടോക് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കമ്പനി ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണ്. അമേരിക്കയും ടിക് ടോകിന്റെ പരിഗണന പട്ടികയിലുണ്ട്.

ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്. അമേരിക്കയിലും ടിക് ടോക് നിരോധനത്തിന്റെ വക്കിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ പ്രശ്‌നങ്ങളില്‍ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥാനത്തിനുള്ള സാധ്യതയുള്ള സ്ഥലമായി തള്ളിക്കളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്ത നിരവധി വര്‍ഷങ്ങളില്‍ ലണ്ടനിലും ചൈനയ്ക്ക് പുറത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ടിക് ടോകിന്റെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൈനീസ് ബന്ധത്തിന്റെ പേരില്‍ ആഗോള വിപണികളില്‍ ടിക് ടോക് എപ്പോഴും പ്രശ്‌നങ്ങളുടെ നടുവിലാണ്. രാജ്യ സുരക്ഷ ആരോപണങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നും പിന്മാറാന്‍ ടിക് ടോക് ശ്രമിക്കുന്നത്.

Top