ജയ്പ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനായി നേതാക്കള്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുന്നത്
കൈയ്യില്‍ ബയോഡേറ്റയുമായി. ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് പേജുള്ള ബയോഡേറ്റകള്‍ മുതല്‍ 50 പേജുള്ളവ വരെ കൈയ്യിലേന്തിയാണ് നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ കാത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ബിജെപി നേതാക്കള്‍ ബയോഡേറ്റ തയ്യാറാക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരെ സമീപിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. അത്രയും പ്രാധാന്യത്തോടെയാണ് പാര്‍ട്ടി ഓരോ സ്ഥാനാര്‍ത്ഥിയുടെയും നിലവാരം ഇത്തവണ പരിശോധിക്കുന്നത്. ദിവസേന ശരാശരി 80 ബയോഡേറ്റകള്‍ വീതം ബിജെപി അദ്ധ്യക്ഷന് ലഭിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
‘ ബയോഡേറ്റ സമര്‍പ്പിച്ചു കൊണ്ടാണ് എല്ലാവരും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ യോഗ്യത തെളിയിക്കുന്നത്. എല്ലാവരുടെയും വിവരങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നവയാണ്. ഒരാള്‍ മൂന്നോ നാലോ കോപ്പികള്‍ വിശദമായ പരിശോധനയ്ക്ക് വിവിധ നേതാക്കള്‍ക്ക് സമര്‍പ്പിക്കാറുണ്ട്. ‘ പാര്‍ട്ടി അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്തിന്റെ അടുത്തുള്ള കടയില്‍ ബയോഡേറ്റ തയ്യാറാക്കുന്നതിന്റെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 മുതല്‍ 12 വരെ ബയോഡേറ്റകള്‍ ഒരു ദിവസം ഇവിടെ തയ്യാറാക്കാറുണ്ടെന്നും പൊതുവെ 3 പേജുകളുള്ളവയാണ് തയ്യാറാക്കപ്പെടുന്നതെന്നും കടയുടമ വ്യക്തമാക്കി. വളരെ നല്ല ബയോഡേറ്റകളുമായി എത്തുന്നവര്‍ നിരവധിയാണ്. ഫോട്ടോയും പത്ര വാര്‍ത്തകളും ചേര്‍ത്ത് പേജുകളുടെ എണ്ണം കൂട്ടാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കാറുണ്ടെന്നും അയാള്‍ പറഞ്ഞു. മൂന്ന് പേജുള്ള ബയോഡേറ്റ തയ്യാറാക്കുന്നതിന് 450 രൂപയാണ് ഫീസ്. പേജ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചെലവും കൂടും.
മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ, പ്രായം, ജാതി, മൊബൈല്‍ നമ്പര്‍, ജോലി ചെയ്ത സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിര്‍ബന്ധമാണ്. ഇതെല്ലാം ബിജെപി ആസ്ഥാനത്ത് വിശദമായ പരിശോധനക്ക് വിധേയമാക്കുന്നു.
50,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് ചില ബയോഡേറ്റകളില്‍ പാര്‍ട്ടി അംഗങ്ങള്‍ അവകാശപ്പെടുന്നത്. 20,000ത്തിനു മുകളില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറപ്പ് പറയുന്നവരുമുണ്ട്. സൈനിയെക്കൂടാതെ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അവിനാഷ് റായ് ഖന്നയെയും പ്രകാശ് ജാവദേക്കറെയും ബയോഡേറ്റ സമര്‍പ്പിച്ചവര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റിയുമായി ഇവര്‍ക്ക് അഭിമുഖ പരീക്ഷകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍!