ലോക്ക് ഡൗണ്‍ അനിശ്ചിതത്വത്തില്‍; ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാനകമ്പനികള്‍

കൊച്ചി: ലോക്ഡൗണ്‍ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതല്‍ തന്നെ സര്‍വീസുകള്‍ നടത്താനൊരുങ്ങി വിമാനക്കമ്പനികള്‍. യാത്രാവിലക്ക് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് വിമാനകമ്പനികളുടെ ഈ തീരുമാനം. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ പൂര്‍ണമായും, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ ഭാഗികമായും ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. ഈ മാസത്തെ ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് വില്‍ക്കുന്നത്.

എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നല്‍കി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയര്‍ലൈന്‍ കമ്പനികളുടെ പുതിയ ഗൈഡ് ലൈന്‍.

എയര്‍ ഇന്ത്യ, ഗോ എയര്‍ കമ്പനികള്‍ 15 മുതല്‍ ടിക്കറ്റ് വില്‍പന അനുവദിച്ച് ട്രാവല്‍ കമ്പനികള്‍ക്ക് അറിയിപ്പു കൈമാറിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും 15ന് എയര്‍ ഇന്ത്യ ദുബായിലേക്കു സര്‍വീസ് നടത്തുന്നതിന് ടിക്കറ്റ് വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. 10,000നും 12,000നും ഇടയ്ക്കാണ് ടിക്കറ്റ് നിരക്ക്.

ആഭ്യന്തര സര്‍വീസ് നടത്തുന്ന ഗോ എയര്‍, ഇന്‍ഡിഗൊ, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികള്‍ നെടുമ്പാശേരി ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍പന തുടങ്ങിയിട്ടുണ്ട്. പരമാവധി ടിക്കറ്റുകള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര സര്‍വീസുകള്‍ക്ക് സാധാരണ ടിക്കറ്റ് നിരക്കുകളെക്കാള്‍ കുറഞ്ഞ തുകയാണ് ഈടാക്കുന്നത്.ഏതെങ്കിലും കാരണവശാല്‍ ലോക്ഡൗണ്‍ നീണ്ടു പോയാലോ, യാത്രാ വിലക്ക് തുടര്‍ന്നാലോ പുതിയ ഉപാധിപ്രകാരം പണം തിരിച്ചു നല്‍കേണ്ടതില്ലാത്തതിനാല്‍ ഈ പണം കമ്പനിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ലഭിക്കും എന്നതാണ് നേട്ടം.

മധ്യവേനല്‍ അവധിക്കാലം വന്നതോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പലരും പ്ലാന്‍ ചെയ്തിരിക്കുമ്പോഴാണ് കൊറോണ വിമാനകമ്പനികള്‍ക്ക് തിരിച്ചടി നല്‍കിയത്. കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികള്‍ക്ക് ഇത് വഴി ഉണ്ടായിരിക്കുന്നത്.
ഓഫ് സീസണുകളില്‍ സര്‍വീസ് നടത്തിയതിന്റെ നഷ്ടങ്ങളും കമ്പനികള്‍ സാധാരണ നികത്താറുള്ളത് ഈ രണ്ട് മാസത്തെ സര്‍വീസുകള്‍കൊണ്ടാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പോലും തുക പല കമ്പനികളും ഇതുവരെയും മടക്കി നല്‍കിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്. അതേസമയം ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരിച്ചു നല്‍കില്ലെന്ന പുതിയ ഗൈഡ്ലൈന്‍ യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

യാത്ര ചെയ്യുന്ന തീയതി ഈ ഒരു വര്‍ഷം എന്നത്തേയ്ക്കു വേണമെങ്കിലും മാറ്റി തീരുമാനിക്കാമെങ്കിലും നിശ്ചിത യാത്രയ്ക്ക് ബുക്കു ചെയ്ത ടിക്കറ്റ് അതേ ആളുടെ പേരില്‍ അതേ സ്ഥലത്തേയ്ക്കു മാത്രമേ മാറ്റുന്നതിന് അനുവാദമുണ്ടാകൂ. ഈ കാലയളവില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നാല്‍ ആ തുക നല്‍കേണ്ടി വരും എന്നു മാത്രമല്ല, മറ്റ് കമ്പനികള്‍ക്ക് ഈ സമയം നിരക്ക് കുറവാണെങ്കിലും ടിക്കറ്റ് എടുത്ത കമ്പനിയുടെ ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ യാത്രക്കാരന്‍ ബാധ്യസ്ഥനാകും.

നോണ്‍ റീഫണ്ടബിള്‍ ടിക്കറ്റാണെങ്കിലും ക്യാന്‍സല്‍ ചെയ്താല്‍ നൊ ഷോ വിഭാഗത്തില്‍ വരുന്ന ഉപയോഗിച്ചിട്ടില്ലാത്ത എയര്‍പോര്‍ട് യൂസര്‍ ഫീ, ജിഎസ്ടി, ഏവിയേഷന്‍ സെസ് തുടങ്ങിയവ ടിക്കറ്റ് റദ്ദാക്കിയ ആള്‍ക്ക് മടക്കി നല്‍കണമെന്നാണ് നിയമം. മിക്ക കമ്പനികളും ഇത് നല്‍കാതെ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന നിശ്ചിത തുകയ്ക്കുള്ള ക്രെഡിറ്റ് വൗച്ചര്‍ നല്‍കുന്നതാണ് പതിവ്. മിക്ക യാത്രക്കാര്‍ക്കും ഇതു പോലും ഉപയോഗിക്കാന്‍ സാധിക്കാറില്ലെന്നതാണ് വസ്തുത.

Top