ടിക് ടോക്കിന് വെല്ലുവിളിയുമായി യുട്യൂബ് ഷോര്‍ട്‌സ് വരുന്നു

ടിക് ടോക്കിനെ വെല്ലുവിളിക്കാന്‍ ഗൂഗിളിന്റെ യൂട്യൂബ് ‘ഷോര്‍ട്‌സ്’ എന്ന പുതിയ സേവനം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഷോര്‍ട്‌സ് ടിക് ടോക്ക് പോലെ പ്രത്യേകം ഒരു ആപ്ലിക്കേഷനായിരിക്കില്ല. യൂട്യൂബ് ആപ്പിനുള്ളില്‍ തന്നെ ഉപയോഗിക്കാവുന്ന ഒരു ഫീച്ചര്‍ ആയിരിക്കും. ഗൂഗിളിന് ലൈസന്‍സുള്ള പാട്ടുകള്‍ ഷോര്‍ട്‌സിലെ വീഡിയോകളില്‍ ഉപയോഗപ്പെടുത്താനായേക്കും.

ഈ ഒരു നീക്കം യൂട്യൂബിന്റെ ഭാഗത്ത് നിന്നുമുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം ചൈനീസ് നിര്‍മിതമായ ടിക് ടോക്കിന് അമേരിക്കയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

കൗമാരക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടാന്‍ സാധിച്ച സേവനമാണ് ടിക് ടോക്ക്. 15 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ ദൗര്‍ഘ്യമുള്ള വീഡിയോകളാണ് ടിക് ടോക്കില്‍ പങ്കുവെക്കാറ്. ആളുകളുടെ എന്ത് തരത്തിലുള്ള തമാശകളും, ഗൗരവതരമായ ചര്‍ച്ചകളും, സന്ദേശങ്ങളും എല്ലാം ചെറുവീഡിയോകളായി പങ്കുവെക്കാന്‍ ഇതില്‍ സാധിക്കും.

Top