കണ്ണൂര്‍: രാഷ്ട്രീയ കേരളത്തെ വിറപ്പിക്കുന്ന പുലികളായ നേതാക്കളുള്ള കണ്ണൂരില്‍ യഥാര്‍ത്ഥ പുലി ഇറങ്ങി. കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയിറങ്ങിയത്.
പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബംഗാളിക്കും രണ്ടു മലയാളികള്‍ക്കുമാണു പരുക്കേറ്റത്. ഒരാളെ വീടിനു മുന്നില്‍ വച്ചും മറ്റു രണ്ടു പേരെ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ പോയപ്പോഴുമാണ് പുലി ആക്രമിച്ചത്.
നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്നു റയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറയുകയായിരുന്നു. പുലി ഇപ്പോഴും അവിടെയുണ്ടെന്നാണ് വിവരം.
സ്ഥലത്തെത്തിയ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ വെടിവച്ചു വീഴ്ത്തുന്നതിനുള്ള അനുമതി കാത്തു നില്‍ക്കുകയാണ്. ഇതിനിടെ, അണ്ടര്‍ബ്രിജിലേക്കു കയറുന്നതു വഴി പുലി രണ്ടു വട്ടം ഉരുണ്ടു താഴേക്കു വീണു. വീണ്ടും ട്രാക്കിലൂടെ കയറി കുറ്റിക്കാട്ടില്‍ പതുങ്ങുകയായിരുന്നു.
ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കസാനക്കോട്ടയിലും പരിസരത്തും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പുലി ഇറങ്ങുകയും ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ. ആക്രമണം നടത്തിയ പുലിയെ ഇതേവരെ കണ്ടെത്താനായില്ല.