മുംബൈ: സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരുള്ള യുവതാരമാണ് ടൈഗര്‍ ഷ്‌റോഫ്. ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുന്ന ടൈഗര്‍ അവരുമായി ആശയവിനിമയത്തിനും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ടൈഗറിന്റെ ഒരു കുഞ്ഞുആരാധികയുടെ വിഡിയോ വൈറലായിരുന്നു,
‘ടൈഗര്‍ ഷ്‌റോഫിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു’ എന്ന് മൂന്നര വയസ്സുകാരി പറയുന്നതാണ് വീഡിയോയില്‍. ഈ വിഡിയോ ഒടുവില്‍ ടൈഗറിന്റെ ശ്രദ്ധയിലുമെത്തി. ‘ഇപ്പോഴത്തെ സാഹചര്യങ്ങളൊക്കെ നിയന്ത്രണ വിധേയമാവുകയും പുറത്തിറങ്ങുന്നത് സുരക്ഷിതമാവുകയും ചെയ്യുമ്പോള്‍ അവളെ കാണാനെത്തുന്നതില്‍ സന്തോഷം’ എന്ന് താരം മറുപടി നല്‍കി.
കുട്ടിയുടെ പിതാവ് ദീപക് കുമാറാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ടൈഗര്‍ ഷ്‌റോഫിനോടുള്ള മകളുടെ ആരാധന പരസ്യമാക്കിയത്. ‘ഏറ്റവും പ്രായം കുറഞ്ഞവളെങ്കിലും ടൈഗര്‍ഷ്‌റോഫിന്റെ ഏറ്റവും വലിയ ആരാധിക എന്റെ കുഞ്ഞുമോളാണ്. മൂന്നര വയസ്സ് മാത്രമേയുള്ളൂ അവള്‍ക്ക്. ടൈഗറിനെ നേരില്‍ കാണണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഒരുദിവസം അദ്ദേഹം തന്നെക്കാണാന്‍ എത്തുമെന്നുതന്നെയാണ് അവളുടെ പ്രതീക്ഷ.’ മകളുടെ വിഡിയോക്കൊപ്പം ദീപക് കുമാര്‍ കുറിച്ചു.
മകളെക്കാണാനെത്തുമെന്ന താരത്തിന്റെ മറുപടി ദീപകിനെ ആഹ്ലാദഭരിതനാക്കി. ‘ഏറെ പ്രചോദനം പകരുന്നതാണ് നിങ്ങളുടെ മറുപടി. ആഗ്രഹത്തിന് നിങ്ങള്‍ അനൂകൂലമായി പ്രതികരിച്ചുവെന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് അവള്‍. എന്നാണ് നിങ്ങളെ കാണുകയെന്നാണ് എപ്പോഴും അവള്‍ ചോദിക്കാറ്. കുറച്ച് പ്രതീക്ഷയുണ്ടെന്ന് ഇനി അവളോട് പറയാമല്ലോ. നിങ്ങളെ ഏറെ സ്‌നേഹിക്കുന്നു സര്‍’ എന്ന് ദീപക് ട്വീറ്റ് ചെയ്തു.