ജൂലൈയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് കനത്ത സുരക്ഷയെന്ന് റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജൂലൈ ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിയ്ക്ക് കനത്ത സുരക്ഷയെന്ന് റിപ്പോര്‍ട്ട്.

പ്രതിഷേധക്കാര്‍ ഉച്ചകോടി നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉച്ചകോടി തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയേര്‍പ്പെടുത്താന്‍ ജര്‍മന്‍ പോലീസ് തീരുമാനിച്ചത്.

ജര്‍മനിയിലെ ഹംബര്‍ഗ് നഗരത്തിലാണ് പന്ത്രണ്ടാമത് ജി20 ഉച്ചകോടി നടക്കുക. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിയ ലോക നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഹംബര്‍ഗ് നഗരത്തില്‍ ജര്‍മന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കാന്‍ ജര്‍മന്‍ പോലീസ് തീരുമാനിച്ചത്.

Top