ന്യൂയോര്‍ക്ക്: എക്സായി പേരുമാറ്റിയ ട്വിറ്ററിന് പണി കൊടുക്കാൻ റെഡിയായി ടിക് ടോക്കും. മെറ്റയുടെ ത്രെഡ്സ് ആപ്പിന് പിന്നാലെയാണ് ഇലോൺ മസ്കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ എക്സിന് മുട്ടൻ പണിയുമായി ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക് എത്തുന്നത്. ട്വിറ്റർ പോലെ ടെക്‌സ്റ്റ് ഒൺലി പോസ്റ്റുകൾ ഷെയർ ചെയ്യാനുള്ള ഫീച്ചറാണ് ടിക് ടോക്ക് അവതരിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. പുതിയ ഫീച്ചർ വഴി ടിക് ടോക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകളിൽ വ്യത്യസ്തമായ കളർ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും നല്കാനാകും. കൂടാതെ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങൾ ഉള്ള പോസ്റ്റാണ് ഷെയർ ചെയ്യാനാവുക.
ട്വിറ്ററിന്റെ പേര് മാറ്റവും നിലവിൽ നേരുടുന്ന പ്രതിസന്ധികളും മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പരസ്യദാതാക്കൾ പലരും സൈറ്റിൽ നിന്ന് പിൻവാങ്ങിയതോടെ ട്വിറ്റർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണിപ്പോൾ. തങ്ങളുടെ പരസ്യ വരുമാനം 50ശതമാനം കുറഞ്ഞതായി ട്വിറ്റർ ജൂലൈയിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റിയിരുന്നു. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റർ. ‘കിളി’ പോയ ട്വിറ്റർ ഇപ്പോൾ ‘എക്സ്’ എന്നാണ് അറിയപ്പെടുന്നത്.
ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതായത്. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു. അതേസമയം, മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു.