ലോകത്താകമാനം അതിവേഗം ജനപ്രീതി നേടിയ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. മാസങ്ങളായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക് ടോക്ക് മുന്നിലാണ്. 11.9 കോടി പ്രതിമാസ സജീവ ഉപയോക്താക്കളും 60 കോടിയിലേറെ ഡൗണ്‍ലോഡുകളും ഉള്ള ടിക് ടോക്കിന്റെ ഭൂരിഭാഗം ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയം.
എന്നാല്‍ ജനപ്രീതിയ്ക്കിടയിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും ടിക് ടോക്കിനെതിരെ ഉണ്ടായിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോക്ക് ചൈനയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നുപ്രധാന ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ടിക്ക്‌ടോക്ക് വക്താക്കള്‍.
തങ്ങള്‍ ചൈനയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള ഒരു അപേക്ഷയും പ്രോത്സാഹിപ്പിക്കാറില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
കമ്പനിയുടെ ഡാറ്റാ സെന്റര്‍ സിംഗപ്പൂരില്‍ ആണെന്നും ടിക് ടോക്ക് പറയുന്നു. ബൈറ്റ്ഡാന്‍സ് പക്ഷെ ചൈനയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള പല മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി ഉപയോക്താക്കളില്‍ നിന്നു കുറച്ച് ഡേറ്റ മാത്രമാണ് ടിക് ടോക്ക് ശേഖരിക്കുന്നതെന്ന് കമ്പനിയുടെ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. സിംഗപൂരിലും അമേരിക്കയിലുമുള്ള സെര്‍വറുകളിലാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്.
കൃത്യമായ ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്താറുണ്ട്. അതിനായി ലോകത്തെ മുന്നിര സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് അവരുടെ ഉള്ളടക്കങ്ങളില്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശമുണ്ട്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ നിയന്ത്രണത്തിലാണ് ടിക് ടോക് പ്ലാറ്റ് ഫോം എന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് പറഞ്ഞു.