ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു

ന്ത്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് 58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ശ്രമം.

കൂടാതെ പ്രാദേശിക പങ്കാളിയുമൊത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, അതിന്റെ ഏറ്റവും പ്രതാപ സമയത്ത് കമ്പനി രാജ്യത്ത് 2,000–ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. നിരോധന സമയത്ത് ഇവരിൽ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ, ചില ജീവനക്കാർക്ക് മറ്റ് ചുമതലകൾ നൽകുകയുമായിരുന്നു കമ്പനി. അനൗദ്യോഗികമായി കമ്പനി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കവുമായി ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ത്താണ് ബൈറ്റ്ഡാൻസിന്റെ ശ്രമമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ക്കുന്നതോടെ രാജ്യ സുരക്ഷാ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ബൈറ്റ് ഡാൻസിന് മുക്തി നേടുമെന്നാണ് പ്രതീക്ഷ.

Top