തിരുവനന്തപുരം: കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുമയ്യ, സലീന, പത്മിനി എന്നിവര്‍ രണ്ടു തവണ വോട്ടു ചെയ്‌തെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കാന്‍ വരണാധികാരിയ്ക്ക് നിര്‍ദേശം നല്‍കി.
കള്ളവോട്ട് നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് നേരത്തെ തന്നെ ടിക്കാറാം മീണ പറഞ്ഞിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇന്നും കള്ളവോട്ട് ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. കാസര്‍ഗോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണവും ഉയര്‍ന്നത്.