തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതനിരപേക്ഷത പാലിക്കാന്‍ എല്ലാവര്‍ക്കും ധാര്‍മ്മികമായി ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജാതി പറഞ്ഞ് വോട്ടു തേടിയതായി ഇതുവരെ ഒരു പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ല. എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാട് എടുത്തതാണ് അപകടമുണ്ടാക്കിയതെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇരട്ട വോട്ടുകള്‍ കണ്ടെത്തിയാല്‍ തടയാന്‍ നടപടി സ്വീകരിക്കണം. വട്ടിയൂര്‍ക്കാവില്‍ 256 ഇരട്ടവോട്ടുകളുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഈ വോട്ടര്‍പട്ടിക കൈമാറിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് കാണാതെ വരുമ്പോള്‍ പല തവണ അപേക്ഷ നല്‍കുന്നതോടെയാണ് പല വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുന്നത്. ഇത്തരത്തില്‍ മനഃപൂര്‍വ്വം ചെയ്യുന്നതാണെങ്കില്‍ അത് കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
140 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലാകരുത്. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 12,780 വോട്ടര്‍മാര്‍ കൂടുതല്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.