ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് റീല്‍സ് ഫീച്ചര്‍ എത്തിച്ചത്.

ബ്രസീലിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. റീല്‍സ് വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ പങ്കുവെക്കാനാവും. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് റീല്‍സില്‍ തയ്യാറാക്കാനാവുക. പശ്ചാത്തല ശബ്ദമോ പാട്ടുകളോ അതില്‍ ചേര്‍ക്കാം.

ടിക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം റീല്‍സിലുണ്ടാവും. മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിര്‍മിക്കാം. ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേക്കാള്‍ മുന്നേറിയെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഏറെക്കുറെ ഇന്‍സ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോര്‍ ഫീച്ചറിന് സമാനമാണ് ടിക് ടോക്കിന്റെ പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ എക്‌സ്പിരിമെന്റല്‍ ആപ്പ് ഡിവിഷന്‍ വീഡിയോകള്‍ നിര്‍മിക്കാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും സാധിക്കുന്ന ‘കൊളാബ്’ എന്ന ഐഓഎസ് ആപ്പ് പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ടിക് ടോക്കിന് സമാനമായി നിര്‍മിച്ച ‘ലാസോ’ എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്‌സ്ബുക്കിനുണ്ട്. ഇത് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭിക്കുക.

അതേസമയം, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും ‘ഷോര്‍ട്‌സ്’ എന്ന പേരില്‍ ടിക് ടോക്കിനെ പോലൊരു സേവനം ആരംഭിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ അത് പുറത്തിറക്കിയേക്കാം.

Top