മധ്യനിരയിലെ ‘എക്സ് ഫാക്ടറായി’ തിലക് വർമ മാറും; താരത്തെ ലോകകപ്പ് കളിപ്പിക്കണമെന്ന് അശ്വിൻ

ന്യൂഡൽഹി : ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഹൈദരാബാദ് ബാറ്റർ തിലക് വർമയെ ഉൾപ്പെടുത്തണമെന്ന് സ്പിന്നർ രവിചന്ദ്ര അശ്വിൻ. ലോകകപ്പ് ടീമിലെ ‘എക്സ് ഫാക്ടറായി’ തിലക് മാറും. കെ.എൽ.രാഹുലും ശ്രേയസ് അയ്യരും പരുക്കേറ്റു നിൽക്കുമ്പോൾ ഇരുപതുകാരൻ തിലകിന്റെ സാന്നിധ്യം മധ്യനിര ബാറ്റിങ്ങിന് ഉണർവേകും.

ടോപ് ഓർഡറിലെ ഇടംകൈ ബാറ്ററുടെ അഭാവത്തിനും ഇതോടെ പരിഹാരം കാണാനാകുമെന്ന് അശ്വിൻ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. തിലകിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കണമെന്ന് സിലക്‌ഷൻ കമ്മിറ്റി മുൻ ചെയർമാൻ എം.എസ്.കെ.പ്രസാദും അഭിപ്രായപ്പെട്ടിരുന്നു. 39, 50, 49 എന്നിങ്ങനെയാണ് വിൻഡീസിനെതിരായ കഴിഞ്ഞ 3 ട്വന്റി20 മത്സരങ്ങളിലെ തിലകിന്റെ സ്കോർ.

ചൊവ്വാഴ്ച നടന്ന മൂന്നാം ട്വന്റി20യിൽ ഇന്ത്യയെ ജയത്തിലെത്തിച്ചെങ്കിലും തിലകിന് അർധ സെഞ്ചറി നഷ്ടമായത് നിരാശയായി. തിലക് അർധ സെഞ്ചറിക്കു തൊട്ടരികിൽ നിൽക്കുമ്പോൾ (49*) സിക്സർ നേടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ജയമുറപ്പിക്കുകയായിരുന്നു.

Top