15 ദിവസത്തിനുള്ളിൽ നിരക്ക് തീരുമാനിക്കണം; ഒല, ഊബർ ഓട്ടോയ്ക്ക് അനുമതി നൽകി കർണാടക ഹൈക്കോടതി

ബെ​ഗംളൂരു: സർക്കാർ നിരക്ക് തീരുമാനിക്കുംവരെ സർവ്വീസ് തുടരാൻ ഒല, ഊബർ ഓട്ടോയ്ക്ക് അനുമതി നൽകി കർണാടക ഹൈക്കോടതി. ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ സേവനങ്ങളുടെ നിരക്ക് 15 ദിവസത്തിനകം നിശ്ചയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദേശിച്ചു. യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ ഓട്ടോറിക്ഷകളുടെ സർവീസുകൾ ഉടൻ നിർത്തണമെന്ന് കഴിഞ്ഞയാഴ്ച അധികൃതർ ഉത്തരവിട്ടിരുന്നു.ഉത്തരവ് ലംഘിക്കുന്ന ഓട്ടോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും സേവന ദാതാക്കൾക്ക് സർക്കാർ മുന്നറിയിപ്പും നൽകിയിരുന്നു.

2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ നിയമപ്രകാരം നൽകിയ ലൈസൻസിന് കീഴിൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഒല ആപ്പ് വഴി സേവനം നൽകുന്ന എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും യൂബർ ഇന്ത്യ സിസ്റ്റംസും ഇതിനെ ചോദ്യം ചെയ്ത് വ്യത്യസ്ത ഹർജികളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 15 ദിവസത്തിനകം യാത്രാനിരക്ക് തീരുമാനിക്കണമെന്നും അപ്പോൾ എല്ലാ ഷെയർ ഹോൾഡേഴ്സിൻറെ നിർദ്ദേശങ്ങൾ സർക്കാർ കണക്കിലെടുക്കണമെന്നും കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

Top