ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ടിം കുക്ക്

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക്. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇത് ലോകത്തിന് നൽകുന്നത്. പക്ഷപാതത്തിനും തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യാനും ഇത് ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിളിന്റെ ഡെവലപ്പേഴ്സ് കോൺഫറൻസ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കോൺഫറൻസിൽ പുതിയ ഉല്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ അന്ന് എഐയെ കുറിച്ച് അദ്ദേഹം സംസാരിക്കാൻ തയ്യാറായിരുന്നില്ല. ഇവന്റിൽ വിപ്ലവകരമായ ഉൽപന്നങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. വി.ആർ ഹെഡ്സെറ്റുകളിൽ പുതിയ വിപ്ലവത്തിന് തിരികൊളുത്തുന്ന വിഷൻ പ്രോയാണ് അതിൽ പ്രധാനം.

കഴിഞ്ഞ ദിവസം ഓപ്പൺ എഐ പുതിയ റെക്കോർഡിലേക്ക് കുതിച്ചെന്ന വാർത്ത ചർച്ചയായിരുന്നു. പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സാണ് ഓപൺഎഐ-യുടെ വെബ് സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‌ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി.

യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ ആന്റ് ഡാറ്റ കമ്പനിയായ സിമിലാർ വെബിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാർച്ചിലെ വിസിറ്റേഴ്സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജൻസി വിശകലനം ചെയ്തത്.ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. ഇത്തരം സംഭവങ്ങളെ പ്രതീക്ഷയോടെയാണ് എഐയെ സ്വാഗതം ചെയ്യുന്നവർ കാണുന്നത്.

Top