മുംബൈ : ഒട്ടനവധി മികച്ച താരങ്ങളുടെ ഒരു പൂളില്‍ നിന്ന് തിരഞ്ഞെടുക്കുവാനുള്ള ഒരു ശേഷി ഇന്ത്യയില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യ വനിത ഐപിഎല്ലിനു തയ്യാറാകേണ്ടതുള്ളുവെന്ന് മിത്താലി രാജ്. ഇന്ന് ഇന്ത്യയില്‍ അത്ര മാത്രം മികച്ച വനിത താരങ്ങളില്ല. വനിത ബിഗ് ബാഷ് പോലെ ആളുകളെ പിടിച്ചിരുത്തുവാനായി ഇനിയും ഒട്ടേറെ പ്രാദേശിക വനിത താരങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ട്. ഐപിഎല്‍ പോലെ ഫ്രാഞ്ചൈസി അടിസ്ഥാനമായുള്ള ലീഗില്‍ കളിക്കുവാന്‍ മികവുള്ള താരങ്ങള്‍ ഇനിയും വരേണ്ടതുണ്ടെന്നും മിത്താലി അഭിപ്രായപ്പെട്ടു.
ഏതെങ്കിലും പ്രാദേശിക താരത്തെ വെച്ച് ടീം തയ്യാറാക്കിയാലും വിദേശ, അന്താരാഷ്ട്ര താരങ്ങളും ഈ പ്രാദേശിക താരവും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കും. അത് വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിനു തിരിച്ചടിയായി മാറിയേക്കാമെന്നും മിത്താലി രാജ് പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ വേണ്ടത് വനിതകള്‍ക്കായി മികച്ച പ്രാദേശിക ടൂര്‍ണ്ണമെന്റുകളും അന്തരീക്ഷവുമാണെന്നും മിത്താലി വ്യക്തമാക്കി.