മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കും; വി മുരളീധരന്‍

ഡല്‍ഹി: ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവല്‍ക്കരിക്കുകയാണ് എന്ന് ഉന്നയിച്ച് 5 ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

1.മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ ?

2. ‘ആചാരലംഘന’ത്തിന് ആയിരം പൊലീസ് അകമ്പടിയേകിയപ്പോള്‍ യഥാര്‍ഥ ഭക്തര്‍ക്ക് അഞ്ഞൂറ് പൊലീസായത് എങ്ങനെ ?

3.തീര്‍ഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതെന്തിന് ?

4.അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത് ?

5. ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ സ്വദേശ് ദര്‍ശന്‍ (തീര്‍ഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നൂറു കോടിയോളം രൂപ എവിടെപ്പോയി ? ടൂറിസം മന്ത്രിക്ക് ശബരിമലയില്‍ മൗനമെന്ത്?

മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന്‍ കുറിച്ചു.

Top