മാരക വിഷം പൊതിഞ്ഞ് വിപണിയില്‍ ; സംസ്ഥാനത്ത് ടൈംപാസ് ലോലിപോപ്പ് നിരോധിച്ചു

തിരുവനന്തപുരം: കൃത്രിമ നിറങ്ങള്‍ കലര്‍ത്തി വിപണിയിലെത്തിച്ചിരുന്ന ടൈംപാസ് ലോലിപോപ്പ് സംസ്ഥാനത്ത് നിരോധിച്ചു.

ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

ചെന്നൈയിലെ അലപ്പാക്കത്താണ് ഇത് നിര്‍മിച്ചുവരുന്നത്. ഇവയുടെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി എടുക്കുമെന്നും രാജമാണിക്യം വ്യക്തമാക്കി. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

Top