ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം കണ്ടിട്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡന്റായതെങ്കില്‍ ഇനിയും അത് സ്വപ്നം മാത്രമായി തുടരും . .
രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ശൃംഘലയായ ടൈംസ് ഗ്രൂപ്പിലെ മാധ്യമങ്ങള്‍ ഒന്‍പതു ഭാഷകളില്‍ നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും മോദിക്കാണ് വോട്ട് ചെയ്തത്.
നരേന്ദ്ര മോദി തന്നെയായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
മോദി നയിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് 2019ലെ തിരഞ്ഞെടുപ്പിലും തുടരേണ്ടതെന്ന അഭിപ്രായമാണ് ഇവര്‍ രേഖപ്പെടുത്തിയത്.
മൂന്നു ഘട്ടമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള 72 മണിക്കൂര്‍കൊണ്ട് അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. മോദിയുമായി നേരിട്ട് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം പേര്‍ മാത്രമാണ്.
സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ലെന്നും സര്‍വേ ഫലം പറയുന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷനായാലും ബിജെപിക്ക് പകരം നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി 73 ശതമാനം പേരും കോണ്‍ഗ്രസ്സിനെ കാണുന്നില്ല.
ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ നേതാവായി വന്നാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പേര്‍ പറയുമ്പോള്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ നേതാവായാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് 37 ശതമാനം പേരും പറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു.
നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവര്‍ 31 ശതമാനമാണ്. എന്നാല്‍ മോദിയില്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവര്‍ 48 ശതമാനമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്ത്- ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരാനിരിക്കെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.