ന്യുഡല്‍ഹി: വാര്‍ത്താ അവതരണത്തിനിടെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിന് ടൈംസ് നൗ ന്യൂസ് ചാനലിനെതിരെ എന്‍ബിഎസ്എ(ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേര്‍ഡ് അതോറിറ്റി)രംഗത്ത്. ജസ്ലീന്‍ കൗര്‍ വിവാദത്തില്‍ ടൈംസ് നൗ ചാനല്‍ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമി പക്ഷപാതിത്വം കാണിച്ചെന്നും അതുകൊണ്ട് ചാനല്‍ 50,000 രൂപ പിഴയടക്കണമെന്നും എന്‍ബിഎസ്എ വിധിച്ചു. വരുന്ന മാര്‍ച്ച് 22ന് ചാനല്‍ പരസ്യമായ ക്ഷമാപണം നടത്തണമെന്നും എന്‍ബിഎസ്എ പറഞ്ഞു. ചാനലുകള്‍ക്കെതിരായ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് എന്‍ബിഎസ്എ.
ആംആദ്മി പ്രവര്‍ത്തകയായ ജസ്ലീന്‍ കൗറിനോട് സര്‍വജീത് സിങ് എന്ന ചെറുപ്പക്കാരന്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ടൈംസ് നൗ സ്വീകരിച്ച നിലപാടിനെ എന്‍ബിഎസ്എ ചെയര്‍പേഴ്‌സണ്‍ ആര്‍.വി രവീന്ദ്രന്‍ വിമര്‍ശിച്ചു. ജസ്ലീന്‍ കൗര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ ആരോപണവിധേയനായ യുവാവിന്റെ ഫോട്ടോ പ്രചരിപ്പിക്കുകയും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വാര്‍ത്തയാക്കുകയും ചെയ്തു. ജസ്ലീന്‍ വിഷയം ചര്‍ച്ചക്കെടുത്ത അര്‍ണാബ് ഗോസാമി സര്‍വജീതിനെ പെര്‍വെര്‍ട്ടഡ്(ലൈംഗിക വൈകൃതമുള്ളയാള്‍) എന്ന് പരസ്യമായി വിളിച്ച് അധിക്ഷേപിക്കുകയുണ്ടായി.
എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജസ്ലീന്‍ കൗറിന്റെ വാദങ്ങലെല്ലാം കള്ളമാണെന്ന് തെളിയുകയും ടൈംസ് നൗ പ്രതിരോധത്തിലാകുകയും ചെയ്തു. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ചാനലിലൂടെ തന്നെ മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ പറഞ്ഞു. ചാനല്‍ ഏതുരീതിയില്‍ മാപ്പ് പറയണമെന്നുള്ളതിന്റെ ഒരു രൂപരേഖയും എന്‍ബിഎസ്എയുടെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ജെഎന്‍യു വഷയത്തിലും അര്‍ണബ് ഗോസ്വാമി പക്ഷപാതപരമായി പെരുമാറി എന്ന ആരോപണം ശക്തമാണ്.