നായ്പിഡോ: ഓങ് സാന്‍ സൂ ചിയുടെ വിശ്വസ്തനായ തിന്‍ ക്യോ മ്യാന്‍മറിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മ്യാന്‍മര്‍ പാര്‍ലമെന്റിലെ രണ്ട് സഭകളും ചേര്‍ന്നാണ് തിന്‍ ക്യോവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പോള്‍ ചെയ്ത 652 വോട്ടില്‍ 360 വോട്ടാണ് ക്യോവിന് ലഭിച്ചത്.
സൂ ചിയുടെ ദീര്‍ഘകാല സുഹൃത്തും മുന്‍ ഡ്രൈവറുമാണ് തിന്‍ ക്യോ. മ്യാന്‍മര്‍ നിയമപ്രകാരം വിദേശ പൗരന്മാരായ ഭര്‍ത്താവോ മക്കളോ ഉള്ളവര്‍ക്ക് പ്രസിഡന്റ് പദവി വഹിയ്ക്കാന്‍ കഴിയില്ല. സ ചിയുടെ മക്കള്‍ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മരിച്ചുപോയ ഭര്‍ത്താവും ബ്രിട്ടീഷുകാരനായിരുന്നു. ഇതാണ് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടും സൂ ചിയ്ക്ക് പ്രസിഡന്റ് പദവി അന്യമായത്. എന്നാല്‍ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ സൂ ചിയുടെ കയ്യില്‍ തന്നെ ആയിരിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സൂ ചി തന്നെ ഇക്കാര്യം നേരത്തെ സൂചിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. സൂ ചിയുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും തിന്‍ ക്യോ ആയിരുന്നു