നെയ്യാറ്റിൻകര : ബൈക്കിൽ വരികയായിരുന്ന കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്നു സംശയം. ടിപ്പറിന്റെ ഡ്രൈവർ ഒളിവിലാണ്. തോട്ടവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. അവിവാഹിതനാണ്. രമ്യ ഏക സഹോദരിയാണ്. മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം. കീഴാറൂർ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽ നിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം.
രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു. അപകടത്തിനു പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ചേർന്നാണു രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. രഞ്ജിത്തിന്റെ വരവും കാത്തു ടിപ്പർ, അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റർ മാറി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ സംശയം പറയുന്നുണ്ട്. ഈ വിവരം പൊലീസിനു കൈമാറി.
മണ്ണ് ലോബിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചിലർക്കു മകനോടു ശത്രുത ഉണ്ടായിരുന്നതായി രഞ്ജിത്തിന്റെ പിതാവ് ധർമരാജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായെന്നും മകനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ്, പാറ ഖനന ലോബിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് 8 വർഷം മുൻപ് കൊല്ലപ്പെട്ട ഇടവഴിക്കര ജോസും ഇന്നലെ കൊല്ലപ്പെട്ട രഞ്ജിത്തും. റിയൽ എസ്റ്റേറ്റ് മേഖലയിലും ഇവർ സജീവമായിരുന്നു. ബിസിനസ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും വൈരാഗ്യവുമാണ് ഇടവഴിക്കര ജോസിനെ, മാരായമുട്ടം ബിവ്‌റേജ് ഔട്‌ലെറ്റിനു മുന്നിൽ രാത്രി വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ. ഈ കേസിലെ പ്രതിയാണ് രഞ്ജിത്ത്. കോൺഗ്രസ് പ്രവർത്തകനായിരുന്നു ഇടവഴിക്കര ജോസ്. സിപിഎം അനുഭാവിയും പ്രവർത്തകനുമാണ് രഞ്ജിത്ത്. എന്നാൽ ഇരുവരുടെയും മരണങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങളല്ല.
ഇടവഴിക്കര ജോസ് വധക്കേസിലെ 7 പ്രതികളിൽ 3 പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൊട്ടമൂട് സ്വദേശിയാണ് പ്രതികളിൽ ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് മാരായമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇതു കൊലപാതകമല്ല. ഒടുവിലായി ഇന്നലെ മരിച്ച രഞ്ജിത്ത്. ഇന്നലെ പെരുമ്പഴുതൂർ ഭാഗത്ത്, രഞ്ജിത്തും കൂട്ടരും ചേർന്ന് 2 ലോറികളിൽ ആക്രമണം നടത്തിയതായി വിവരമുണ്ട്. ചില്ലുകൾ പൊട്ടിക്കുകയും സ്പീക്കറുകൾ കേടുവരുത്തുകയും ചെയ്തുവത്രെ. ഈസ്റ്റർ സന്ദേശം പങ്കുവയ്ക്കാൻ പുറപ്പെട്ട ലോറികളായിരുന്നു അവ. എതിർപക്ഷത്തുള്ളവർ ഭീഷണി മുഴക്കിയതായും രഞ്ജിത്തിന്റെ ബന്ധുക്കൾ ആരോപിച്ചു.