ടിപ്പു സുൽത്താന്റെ മരണം ചരിത്രപ്രാധാന്യമുള്ളത് ; രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ബെംഗളൂരു: ബ്രിട്ടീഷ് യുദ്ധത്തിൽ മരണമടഞ്ഞ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മരണം ചരിത്രപ്രാധാന്യമുള്ളതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ടൈഗർ ഓഫ് മൈസൂർ എന്നറിയപ്പെടുന്ന ടിപ്പു പിതാവ് ഹൈദർ അലിയുടെ പിൻഗാമിയായി 1782-1799 കാലഘട്ടത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന രാജാവാണ്.

യുദ്ധത്തിൽ മൈസൂർ റോക്കറ്റ് വികസിപ്പിച്ചെടുത്ത അദ്ദേഹത്തെ ‘പയനിയർ’ എന്നും പ്രസിഡന്റ് വിശേഷിപ്പിച്ചു.

കർണാടക നിയമസഭയിൽ വിധാൻ സൗധയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈസൂറും, കർണാടകയും ഭരിച്ചിരുന്ന പൂർവിക ഭരണകർത്താക്കൾ, സൈനികർ, രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞർ എന്നിവരുടെ സംഭാവനകളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് ടിപ്പുവിനെക്കുറിച്ച് സംസാരിച്ചത്.

സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് 2015 മുതൽ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. എന്നാൽ ബിജെപി ഈ ആഘോഷത്തെ ശക്തമായി എതിർക്കുന്നുണ്ട്.

ടിപ്പുവിന്റെ ജന്മദിന ആചരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ പോരാണു നടക്കുന്നത്. നവംബര്‍ പത്തിനാണു കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം.

പരിപാടിയിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തെഴുതിയ കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാര്‍ ഹെ​ഗ്ഡെയാണു വിവാദങ്ങൾ ആളിക്കത്തിച്ചത്.

ടിപ്പു സുൽത്താൻ അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയും ആണെന്നായിരുന്നു ആനന്ദ്കുമാറിന്റെ ആരോപണം.

പരിപാടിയെക്കുറിച്ചു ഹെഗ്ഡെ നടത്തിയ ട്വീറ്റും വിവാദമായി.‘നാണംകെട്ട ചടങ്ങ്’എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ടിപ്പു സുൽത്താനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പിൻതലമുറക്കാർ വ്യക്തമാക്കി.

മന്ത്രിയുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതവും അപമാനകരവുമാണ്– പിൻഗാമികളിലൊരാളായ ബക്തിയാർ അലി പറഞ്ഞു.

ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ടു കർണാടകയിൽ ബിജെപി ഉയർത്തിയ വാദങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും രം​ഗത്തെത്തി.

ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി ആനന്ദകുമാർ ഹെ​ഗ്ഡെ പഠിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Top