മോഷണം പോയ വ്യോമസേന വിമാനമായ മിറാഷിന്റെ ടയര്‍ തിരികെ ലഭിച്ചു

ലക്‌നൗ: മോഷണം പോയ വ്യോമസേന വിമാനമായ മിറാഷിന്റെ ടയര്‍ തിരികെ ലഭിച്ചു. നവംബര്‍ 27 ന് ലക്‌നൗവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കില്‍ നിന്നുമാണ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയത്.
ഉത്തര്‍പ്രദേശിലെ ലക്‌നൗ എയര്‍ബേസിന് സമീപത്തായിട്ടാണ് മോഷണം നടന്നത്.

നവംബര്‍ 27 ന് ലക്‌നൗവിലെ ബക്ഷികതാലാബ് എയര്‍ബേസില്‍ നിന്ന് ജോധ്പൂര്‍ എയര്‍ബേസിലേക്ക് വ്യോമസേനയുടെ സാധനങ്ങളുമായി പോയ ട്രക്കില്‍ നിന്നുമാണ് മിറാഷിന്റെ ടയര്‍ മോഷണം പോയത്. സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മോഷണം പോയ ടയര്‍ ലഭിച്ചതായി പൊലീസ് അറിയിച്ചത്.

പൊലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്. ഡിസംബര്‍ നാലിന് ബക്ഷി കി തലാബ് എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ രണ്ട് പേര്‍ ടയറുമായി എത്തുകയായിരുന്നു. മോഷണം നടന്നിടത്തു നിന്നും ലഭിച്ചതാണെന്നും, ട്രക്കിന്റെ ടയറാണെന്ന് കരുതി എടുത്തതാണെന്നും അവര്‍ പറഞ്ഞു. ലഭിച്ച ടയര്‍ തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍ നിന്നുള്ളതാണെന്നും, അത് മിറാഷ് ജെറ്റിന്റേതാണെന്നും എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവര്‍ ഹേം സിംഗ് റാവത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ട്രക്കുമായി പോയപ്പോള്‍ ഷഹീദ് പഥില്‍ വച്ച് ഗതാഗത കുരുക്കുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് സ്‌കോര്‍പിയോ വാഹനത്തില്‍ എത്തിയവര്‍ ടയര്‍ കെട്ടാന്‍ ഉപയോഗിച്ച ചരട് ഊരിമാറ്റി മോഷണം നടത്തുകയായിരുന്നു എന്നുമാണ് ട്രക്ക് ഉടമ നല്‍കുന്ന മൊഴി.

വിവരമറിഞ്ഞ് ട്രക്ക് ഡ്രൈവര്‍ ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ 12:30 നും 1 മണിക്കും ഇടയിലായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനത്തിന്റെ അഞ്ച് ചക്രങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

Top