തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എസ് മുരുഗന്‍ (45) കീഴടങ്ങി. വെള്ളിയാഴ്ച ബംഗളുരുവിലെ സിവില്‍ കോടതിയിലാണ് മുരുഗന്‍ കീഴടങ്ങിയത്.
തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്.മുഖം മൂടി ധരിച്ചെത്തിയവരാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മുഖംമൂടി ധരിച്ചുള്ള മോഷണം പൊലീസിന് വ്യക്തമായത്.
പ്രശസ്തമായ സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് മാതൃകയിലാണ് മുരുകനും സംഘവും മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എട്ട് ജാര്‍ഖണ്ഡ് സ്വദേശികളും പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ എന്നൊരാളും പിടിയിലായിരുന്നു.
അതേസമയം, മോഷണത്തിന്റെ സൂത്രധാരനായ മുരുഗനെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല.ആസൂത്രണം ചെയ്തതും നടത്തിയതും മുരുഗന്റെ മേല്‍നോട്ടത്തിലായിരുന്നു.
വെബ് സീരീസിലെ അവസാന സീസണിലെ സീനുകള്‍ക്ക് സമാനമായി മുരുഗന്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുക്കുകയാണെന്നും ഇയാള്‍ വാക്കി ടോക്കി വഴി മാത്രമേ മറ്റ് പ്രതികളുമായിബന്ധം പുലര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മുരുഗന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
2010 നും 2015നുമിടയില്‍ 80 ഓളം കേസുകളാണ് ബംഗളുരു പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകള്‍ സൈബര്‍ബാഡ് പൊലീസിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുരുഗന്‍ വലിയ മാഫിയയുടെ ചെറിയ കണ്ണിയാണെന്നും കൂടുതല്‍ പേരിലേക്കാണ് അന്വേഷണം നീളുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷവും മുഖംമൂടിധാരികളായ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 17 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയിരുന്നു. പിടിയിലായവര്‍ക്ക് ഈ സംഭവവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.