ഹൈദരബാദ്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ 1300 തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചു. ക്ഷേത്രത്തിലെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് ഒന്ന് മുതല്‍ ഇവരോട് ജോലിക്ക് എത്തേണ്ടെന്നാണ് അറിയിച്ചത്.
ഏപ്രില്‍ 30 ന് അവസാനിക്കുന്ന കരാര്‍ പുതുക്കാതെ അവസാനിപ്പിക്കുകയായിരുന്നു. കരാര്‍ തൊഴിലാളികളെ എത്തിച്ചിരുന്ന സ്ഥാപനത്തിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ സ്ഥിരം തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇവരുടെ സേവനങ്ങള്‍ നിര്‍ത്തലാക്കിയതായി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി മുംബൈ മിററിനോട് വ്യക്തമാക്കിയതായാണ് വിവരം.
ജോലി നഷ്ടമായ കരാര്‍ തൊഴിലാളികളെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്നാണ് സുബ്ബ റെഡ്ഡി വിശദമാക്കി. ഈ വര്‍ഷത്തേക്ക് 3309 കോടി രൂപയുടെ ബഡ്ജറ്റാണ് തിരുമല തിരുപ്പതി ദേവസ്ഥാനം അവതരിപ്പിച്ചത്. എന്നാല്‍ ബഡ്ജറ്റിലെ നിര്‍ദേശങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനത്തിലെത്തുക.