ഭക്തര്‍ കാണിക്കയായി നല്‍കി; തിരുപ്പതി ക്ഷേത്രത്തില്‍ 25 കോടിയുടെ അസാധു നോട്ടുകള്‍

thirumala

അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി ഇട്ടത് കൂടുതലും അസാധു നോട്ടുകള്‍. ഇത്തരത്തില്‍ 25 കോടിയുടെ നിരോധിച്ച നോട്ടുകളാണ് ക്ഷേത്രത്തില്‍ നിന്നും ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് കാണിക്കയായി ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നോട്ട് നിരോധനത്തിന് ശേഷമാണ് ഭക്തര്‍ ഇത്തരത്തിലുള്ള നോട്ടുകള്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിക്ഷേപിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്.

നോട്ട് നിരോധിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കുടൂതല്‍ പണവും വന്നിട്ടുളളതെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു. നിരോധിച്ച നോട്ട് മാറി കിട്ടാനായി റിസര്‍വ്വ് ബാങ്കിനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ഒ.ബാലാജി പറഞ്ഞു. പണം ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ആര്‍ബിഐയില്‍ നിന്ന് അനുകൂലമായ മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും ബാലാജി അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 30-ാം തിയതി വരെയാണ് അസാധു നോട്ട് മാറിയെടുക്കാനുള്ള അവസാന സമയം കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് അവസാനത്തോടെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

Top