ബോസ്റ്റണ്‍: തകര്‍ന്ന ടൈറ്റന്‍ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായ ടൈറ്റന്‍ പേടകം യാത്രയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജൂണ്‍ 18 നായിരുന്നു അപകടം. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്ന് കണക്കാക്കുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡും ടൈറ്റന്റെ നിര്‍മാതാക്കളായ ഓഷ്യന്‍ ഗേറ്റും അറിയിച്ചിരുന്നു.
കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തെത്തുടര്‍ന്നാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചതെന്നാണ് അധികൃതരുടെ നിഗമനം. ഓഷ്യന്‍ഗേറ്റ് എക്സ്‌പെഡിഷന്‍സ് എന്ന മറൈന്‍ കമ്പനിയാണ് കടലിന്റെ അടിത്തട്ടില്‍ തകര്‍ന്നുകിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്ര തുടങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ പേടകം തകര്‍ന്നുവെന്നാണ് കരുതുന്നത്. അന്വേഷണത്തില്‍ ടൈറ്റാനിക്കിന്റെ സമീപത്തായി തന്നെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കരയ്‌ക്കെത്തിച്ചത്.
കറാച്ചി ആസ്ഥാനമായ വമ്പന്‍ ബിസിനസ് ഗ്രൂപ്പ് ‘എന്‍ഗ്രോ’യുടെ ഉടമ ഷെഹ്സാദാ ദാവൂദ്, മകന്‍ സുലേമാന്‍, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ്, ഓഷ്യന്‍ ഗേറ്റ് സിഇഒ സ്റ്റോക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റനില്‍ ഉണ്ടായിരുന്നത്.