ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ എംപിമാര്‍ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുമെന്ന് അഭ്യൂഹം. ആറോളം തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്ത് ബന്ധപ്പെട്ടുവെന്നാണ് ബിജെപി ബംഗാള്‍ നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം തൃണമൂല്‍ വിട്ട ബിഷ്ണുപൂരില്‍നിന്നുള്ള ലോക്‌സഭാംഗം സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു.തൃണമൂല്‍ വിട്ട രണ്ടാമത്തെ എംപിയായ ബോല്‍പൂരില്‍നിന്നുള്ള അനുപം ഹസ്രയും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. തൃണമൂല്‍ എംപിമാരായ അര്‍പിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനകളുണ്ട്.നേരത്തേ ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ മുകുള്‍ റോയിയുമായി അടുപ്പമുള്ളവരാണ് ഇപ്പോള്‍ കാവി അണിയാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് സൗമിത്രഖാന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.ബിജെപി വിരുദ്ധ വികാരം ജനങ്ങളില്‍ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജി രഥയാത്ര നടത്താന്‍ തുടങ്ങുന്നതിനിടെയാണ് രണ്ട് തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിട്ട് പോയതും ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നതും.

തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യകമ്പനിയായി മാറിയെന്നും മമതാ ബാനര്‍ജിയും അനന്തരവന്‍ അഭിമന്യുവുമാണ് മുതലാളിമാര്‍ എന്നും സൗമിത്രഖാന്‍ ആരോപിച്ചു. ബംഗാളില്‍ പോലീസ് രാജ് ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പാര്‍ട്ടി വിട്ട സൗമിത്രഖാനെയും അനുപം ഹസ്രയെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും തൃണമൂല്‍ ഉന്നയിച്ചിട്ടുണ്ട്.

Top