ദളിത് ഉ​ദ്യോ​ഗസ്ഥനെ ഗതാഗതമന്ത്രി മർദിച്ചു; മന്ത്രിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിൻ

ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്‌നാട് ഗതാഗതമന്ത്രി ആര്‍ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെയാണ് മന്ത്രി മര്‍ദ്ദിച്ചത്. പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് ഗതാഗത വകുപ്പിന്റെ ചുമതലയെന്ന് രാജ്ഭവന്‍ പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. രാജാക്കണ്ണപ്പനെ പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്.

ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേറ്റെടുത്ത ബിജെപി, പട്ടികജാതി കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാറ്റാലിന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ മന്ത്രിയെ മാറ്റുകയായിരുന്നു.

സേലം കടായപ്പടിയില്‍ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാകുന്നത് തടയാന്‍ ഡിഎംകെ കൗണ്‍സിലമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിലും സ്റ്റാലിന്‍ ഇടപെട്ടിരുന്നു. കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ് അണികള്‍ വഴങ്ങിയതും പിന്നാലെ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും.

അതേസമയം നാല് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മടങ്ങിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപവുമായാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് നാട്ടിലേക്ക് മടങ്ങുന്ന 14,700 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ചെന്നൈ പെരുങ്കുടിയിലുള്ള വേള്‍ഡ് ട്രേഡ് സെന്ററില്‍ ആമസോണ്‍ ഇന്ത്യയുടെ പുതിയ ഓഫീസും സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.

 

Top