ന്യൂഡല്‍ഹി : ലോക്‌സഭയില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കേരളത്തില്‍ നിന്നുള്ള ഡീന്‍ കുര്യാക്കോസിനെയും ടിഎന്‍ പ്രതാപനെയും ഇന്ന് സസ്പെന്‍ഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന് മാപ്പ് പറയാത്ത സാഹചര്യത്തില്‍ ബിജെപി ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.
സംഭവത്തില്‍ രണ്ട് പേരും സഭയില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയാറല്ലെന്ന എംപിമാരുടെയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതു സമ്പന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുക. അതേസമയം ബിജെപിയുടെ പ്രമേയത്തെ ശക്തമായി സഭയില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മിലാണ് വാക് വാദമുണ്ടായിരുന്നത്. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെടുകയായിരുന്നു.
മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപി ആരോപണം. ബിജെപി വനിത എം.പിമാര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു.
ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചിരുന്നു.
അയോദ്ധ്യയില്‍ രാമന് ക്ഷേത്രം പണിയുമ്പോള്‍ സീതയെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരല്ലേ നിങ്ങളെന്ന് സ്മൃതി ഇറാനി ചോദിച്ചു. ബഹളത്തിനിടെ ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും കൈചൂണ്ടിയപ്പോള്‍ തന്നെ തല്ലാനാണോ ശ്രമമെന്ന് സ്മൃതി ഇറാനി ചോദിച്ചു. മന്ത്രിക്കടുത്തേക്ക് നീങ്ങിയ പ്രതാപനേയും ഡീന്‍ കുര്യക്കോസിനേയും സുപ്രിയ സുലെ പിന്തിരിപ്പിച്ചു. രണ്ടുപക്ഷത്തെയും തണുപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചിരുന്നു.