കടുത്ത ത്രികോണ മത്സരം നടക്കാന്‍ പോകുന്ന തൃശൂരില്‍ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്ത് പോകുമെന്ന പ്രചരണം ശക്തമായിരിക്കെ കമ്യൂണിസ്റ്റുകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് സിറ്റിംഗ് എം.പി ടി.എന്‍ പ്രതാപന്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. തൃശൂരിലെ ജനങ്ങള്‍ ലോക്സഭാംഗമായിരിക്കാന്‍ പറഞ്ഞാല്‍ അതാണ് സന്തോഷമെന്ന് പറയുന്ന പ്രതാപന്‍ ബിജെപി ടാര്‍ഗറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകള്‍ക്കുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പ്രതാപന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, തൃശൂരില്‍ ഇടതുപക്ഷവും യു.ഡി.എഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാനാണ് സിറ്റിംഗ് എം.പി തന്നെ ശ്രമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ അടവുനയവും ഇതു തന്നെ ആയിരിക്കും. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് പറയുന്ന നേതാക്കളെയാണ് വൈകിയെങ്കിലും പ്രതാപന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
വി.എസ് സുനില്‍കുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായാല്‍, ഇത്തരം പ്രചരണം കോണ്‍ഗ്രസ്സിനു തന്നെ തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് തിരുത്താന്‍ പ്രതാപനെ പ്രേരിപ്പിച്ചിരിക്കുന്നത്. കടുത്ത രാഷ്ട്രീയ പ്രതികൂല കാലാവസ്ഥയിലും ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യചങ്ങല വന്‍ വിജയമായതും കോണ്‍ഗ്രസ്സ് നേതാക്കളുടെ ആത്മവിശ്വാസത്തെ വല്ലാതെ തന്നെ ബാധിച്ചിട്ടുണ്ട്. തൃശൂരില്‍ പലയിടത്തും മനുഷ്യചങ്ങല മനുഷ്യ മതിലായാണ് മാറിയിരുന്നത്.
സി.പി.ഐ മത്സരിക്കുന്ന മണ്ഡലമാണെങ്കിലും പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്ന മണ്ഡലമായതിനാല്‍ തൃശൂരിലെ വിജയം സി.പി.എമ്മും അഭിമാന പ്രശ്‌നമായാണ് ഏറ്റെടുത്തിരിക്കുന്നത്. വി.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭ്യര്‍ത്ഥന സി.പി.ഐ നേതൃത്വത്തിനു മുന്നില്‍ സി.പി.എമ്മും വച്ചിട്ടുണ്ട്. കാര്യങ്ങള്‍ നീങ്ങുന്നതും ആ വഴിക്കു തന്നെയാണ്.
ഇടതുപക്ഷത്ത് വയനാട്, തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ഇതില്‍ തൃശൂരിലും മാവേലിക്കരയിലും വിജയ സാധ്യത ഏറെയാണെന്നാണ് സി.പി.ഐ നേതൃത്വവും കണക്കു കൂട്ടുന്നത്. കേരള കോണ്‍ഗ്രസ്സിനായി കോട്ടയം മണ്ഡലവും ഇടതുപക്ഷം നീക്കിവച്ചിട്ടുണ്ട്. ബാക്കി വരുന്ന 15 സീറ്റുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുക.
2019-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷം ഇത്തവണ, 10 മുതല്‍ 15 സീറ്റുകള്‍ വരെയാണ് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ – പിന്നോക്ക വോട്ടുകളിലും വലിയ പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിച്ചാല്‍ പോലും ഇത്തവണ … യു.ഡി.എഫിന് നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പിയെ ചെറുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രചരണം നടത്തുക. നിയമസഭയിലെ ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചതും ഇതിനായി ഇടതുപക്ഷം ആയുധമാക്കും.
തൃശൂരില്‍ നടക്കാന്‍ പോകുന്നത് ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ബി.ജെ.പിയുടെ സകലസംവിധാനങ്ങളും പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്ന മണ്ഡലമായതിനാല്‍ തൃശൂരില്‍ ബി.ജെ.പിയുമായല്ല മത്സരമെന്ന് പറഞ്ഞാല്‍ അത് പൊതുസമൂഹം ഉള്‍ക്കൊള്ളില്ലന്ന നല്ലബോധ്യം ഇടതുപക്ഷത്തിനുണ്ട്. മാത്രമല്ല , ബി.ജെ.പിയെ പ്രധാന രാഷ്ട്രീയ എതിരാളിയായി കണ്ട് പ്രചരണം നടത്തുന്നതാണ് രാഷ്ട്രീയമായും അവര്‍ക്ക് ഗുണം ചെയ്യുക.
സംഘപരിവാറുമായും ബി.ജെ.പിയുമായും നേരിട്ട് ഏറ്റുമുട്ടന്ന എല്ലാ ഘട്ടത്തിലും പ്രത്യേക ആവേശം തന്നെയാണ് ഇടതുപക്ഷത്ത് പ്രകടമാകാറുള്ളത്. ഈ വൈര്യം തന്നെയാണ് ,നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കൈവശം ഉണ്ടായിരുന്ന നേമം സീറ്റ് പിടിച്ചെടുക്കാന്‍ ഇടതുപക്ഷത്തിനും കരുത്തായിരുന്നത്. നേമം ചരിത്രം തൃശൂരിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. താഴെ തട്ടുമുതല്‍ ഈ ആവേശം ഇപ്പോള്‍ തന്നെ പ്രകടവുമാണ്.
ബി.ജെ.പി – ഇടതുപക്ഷ ഏറ്റുമുട്ടലായി തൃശൂര്‍ മാറിയാല്‍, മൂന്നാംസ്ഥാനം കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടതായി വരും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ്, ഇടതുപക്ഷ വോട്ടുകള്‍ നേടാന്‍ കഴിയുമോ എന്ന ശ്രമം ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ നീക്കത്തെ, പരിഹാസത്തോടെ മാത്രമാണ് ഇടതുപക്ഷം നോക്കികാണുന്നത്. സ്വന്തം വോട്ടുകള്‍ ചോരാതെ നോക്കുന്നതാണ് കോണ്‍ഗ്രസ്സിന് നല്ലതെന്ന ഉപദേശമാണ് സി.പി.എം നേതാക്കള്‍ നല്‍കുന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനു ലഭിച്ച നല്ലൊരു ശതമാനം വോട്ടുകളും ഇത്തവണ ബി.ജെ.പി നേടുമെന്നും അതോടെ … ഇടതുപക്ഷത്തിന് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെന്നുമാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. മാത്രമെല്ല രാഹുല്‍ ഇഫക്ടില്‍ 2019-ല്‍ ടി.എന്‍ പ്രതാപന് ലഭിച്ച ക്രൈസ്തവ- മുസ്ലീം വോട്ടുകളില്‍ ഒരു വിഭാഗം ഇത്തവണ ഇടതുപക്ഷത്തിനാണ് ലഭിക്കുകയെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, കേരളത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കാന്‍ പോകുന്ന ലോകസഭമണ്ഡലം തൃശൂര്‍ തന്നെ ആയിരിക്കും. ഇവിടെ ആര് വാണാലും ആര് വീണാലും അത് ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും.
EXPRESS KERALA VIEW