ന്യൂഡല്‍ഹി: ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് വേണ്ടി എയര്‍പോര്‍ട്ടുകളിലുള്ള സംവിധാനങ്ങള്‍ പകല്‍കൊള്ള നടത്തുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി ലോകസഭയില്‍ റൂള്‍ 377 പ്രകാരമുള്ള സബ്മിഷനിലൂടെ പരാതിപ്പെട്ടു. സാധാരണ ആര്‍ ടി പി ആര്‍ ടെസ്റ്റ് ചെയ്യാന്‍ വേണ്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിങ് ഫെസിലിറ്റികളില്‍ ഈടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
കൊവിഡ് മഹാമാരിക്ക് ശേഷം എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങള്‍ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്. കേരളത്തില്‍ തന്നെ ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് 500 രൂപ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാല്‍ കൊച്ചി എയര്‍പോര്‍ട്ടിലെ ഫീസ് 2490 വരെ വരുന്നുണ്ടെന്ന് യാത്രക്കാര്‍ പരാതി പറയുന്നു.
മഹാമാരിക്കാലത്ത് ആരോഗ്യമേഖലകളില്‍ തീവെട്ടിക്കൊള്ള നടക്കുന്നു എന്ന പരാതികള്‍ ഉയര്‍ന്നപ്പോള്‍ കോടതികള്‍ ഇടപെട്ടാണ് പരിശോധനാ ഫീസ് നിശ്ചയിച്ചത്. ഇത് എയര്‍പോര്‍ട്ടിനകത്ത് ബാധകമാകാത്ത സ്ഥിതി അംഗീകരിക്കാനാവില്ല. അന്വേഷിച്ചിടത്തോളം രാജ്യത്തെ ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളുടെയും സ്ഥിതിയിതാണ്. പ്രവാസികളായ യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും യു എ എയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായിരുന്നെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്നുമാത്രം ആഴ്ചതോറും നൂറ് കണക്കിന് വിമാന സര്‍വ്വീസുകള്‍ യു എ എയിലേക്കുണ്ട്. എയര്‍പോര്‍ട്ടിന് പുറത്തെ പരിശോധനാ ഫീസിന്റെ നാലും അഞ്ചും ഇരട്ടി ഈടാക്കി ഇത്രയധികം യാത്രക്കാരില്‍ നിന്ന് കൊള്ളലാഭമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇത് സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കണം. എയര്‍പോര്‍ട്ടിന് പുറത്ത് അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ച ഫീസ് മാത്രമേ എയര്‍പോര്‍ട്ടിനകത്തും ഈടാക്കാവൂ എന്ന് തീരുമാനിക്കണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.