ചെന്നൈ: പൊലീസ് സംരക്ഷണം കിട്ടാനായി സ്വന്തം വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം 3 പേര്‍ അറസ്റ്റില്‍. അഖിലേന്ത്യ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പെരി സെന്തില്‍ എന്ന സെന്തില്‍, ഉലുന്ദൂര്‍പേട്ട സ്വദേശിയായ മകന്‍ ചന്ദ്രു, ചെന്നൈ സ്വദേശി മാധവന്‍ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 1908-ലെ സ്ഫോടകവസ്തു നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ രാജീവ് ഗാന്ധിക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ 23-നാണ് ഉളുന്തൂര്‍പെട്ട് കേശവന്‍ നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരന്‍ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതി തയാറാക്കിയത്. സംഭവത്തിന് ശേഷം തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പെരി സെന്തില്‍ പൊലീസ് സംരക്ഷണം തേടിയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സമയ് സിംഗ് മീണ പറഞ്ഞു.