തെലങ്കാനയിൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്റെ പാർട്ടിയായ ടി.ആർ.എസും നടത്തുന്നത് തന്ത്രപരമായ നീക്കം. തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തന്നെ പ്രതിയാക്കാനാണ് ആസൂത്രിത നീക്കം. ഇതിനു വേണ്ടിയുള്ള നീക്കമാണ് തെലങ്കാന പൊലീസ് നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. എംഎൽഎമാരെ കൂറുമാറ്റി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും പ്രതികളാണ്. ഒളിവിലുള്ള തുഷാർ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ അമിത് ഷാക്ക് എതിരെയുള്ള തെളിവുകൾ ലഭിക്കുമെന്നാണ് തെലങ്കാന പൊലീസ് കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ ലഭിക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കി കോടതി അനുമതിയോടെ തന്നെ അമിത് ഷായെ കുരുക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ.
അട്ടിമറി സംഭവത്തിൽ അമിത് ഷാ ക്കെതിരെ തെളിവുകൾ ലഭിച്ചാൽ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ച് നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുക. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അത് രാഷ്ട്രീയമായി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ വരെ സമീപിക്കാനും ഏതറ്റം വരെ പോകാനുമാണ് തെലങ്കാന സർക്കാറിന്റെ തീരുമാനം.
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനത്തിന്റെ ‘പവർ ‘എന്താണെന്നത് കേന്ദ സർക്കാറിന് കാണിച്ചു കൊടുക്കും എന്ന വാശിയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഉള്ളത്. അദ്ദേഹം തന്നെ നേരിട്ടാണ് അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ച് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നത്. അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നു. ടിആർഎസ് എംഎൽഎമാരുമായി തുഷാർ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്നതാണ് പുറത്തുവന്ന ഓഡിയോ സന്ദേശം. ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി സംസാരിക്കാൻ അവസരം ഒരുക്കിനൽകാമെന്നാണ് ഇതിൽ വ്യക്തമാക്കിയിരുന്നത്.
ബി.എൽ സന്തോഷ് കൂടി പ്രതിയായതോടെ ഇനി തെലങ്കാന പൊലീസിന് മുന്നിലുള്ളത് ഇതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയെയാണ്. അത് അമിത് ഷാ ആയിരിക്കും എന്നാണ് ടി.ആർ.എസ് നേതാക്കൾ ആരോപിക്കുന്നത്. ബി.ജെ.പി ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ബി.എൽ സന്തോഷിനെ പ്രതിയാക്കിയത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏതറ്റംവരെയും പോകുമെന്നതാണ് ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നത്.
അതേസമയം കേസന്വേഷണം ഊർജിതമാക്കിയ തെലങ്കാന പൊലീസ് തുഷാറിനെയും ജഗ്ഗുസ്വാമിയെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഐ.പി.എസുകാരെ പരമാവധി ഒഴിവാക്കി സംസ്ഥാന പൊലീസ് സർവ്വീസിലെ മിടുക്കരായ ഉദ്ദ്യോഗസ്ഥർക്കാണ് കേസന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ഐ.പി.എസുകാരെ കേന്ദ്ര ഭരണം ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കും എന്നതിനാലാണ് ഈ നീക്കം. തുഷാർ വെള്ളാപ്പള്ളിക്കും സംഘത്തിനും വേണ്ടിയുള്ള അന്വേഷണം യുപിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിലെ ജഗ്ഗു സ്വാമിയും ഈ അട്ടിമറിശ്രമ കേസിൽ പ്രതിയാണ്. ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനു ഇളവ് ലഭിച്ചിരുന്നു എങ്കിലും മറ്റുള്ളവർക്ക് ലഭിച്ചിട്ടില്ല. തെലങ്കാന ഹൈക്കോടതിയാണ് ബി എൽ സന്തോഷിനു നൽകിയ നോട്ടിസ് തൽക്കാലത്തേക്ക് സ്റ്റേ ചെയ്‌തിരിക്കുന്നത്. എന്നാൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ തെലങ്കാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
തുഷാറിനെ കസ്റ്റഡിയിൽ എടുത്ത ശേഷം ബി.എൽ സന്തോഷിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഹൈക്കോടതിയിൽ ഹാജരാക്കാനാണ് തെലങ്കാന പൊലീസ് ശ്രമിക്കുന്നത്. അതോടെ അമിത് ഷാക്ക് ഈ അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെങ്കിൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതികളുടെ ഫോൺ ഉൾപ്പെടെ നശിപ്പിക്കപ്പെടാൻ സാധ്യത ഏറെയാണെങ്കിലും മൊബൈൽ കാൾ വിശദാംശം ഉൾപ്പെടെ അന്വേഷണ സംഘം ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ഈ കേസിൽ ഇതുവരെ മൂന്ന് പേരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്‌തിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയെ പിടികൂടാതെ കേസന്വേഷണം മുന്നോട്ട് പോകില്ല എന്നതിനാൽ പരിവാർ ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ തെലങ്കാന പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കുന്ന ഏർപ്പാട് ഇതോടെ അവസാനിക്കണം എന്നതാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നിലപാട്. അതിനായി കടുത്ത നടപടി സ്വീകരിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിപക്ഷ പാർട്ടികളുടെ പൂർണ്ണ പിന്തുണയും ചന്ദ്രശേഖര റാവു പ്രതീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി പദമോഹി കൂടിയായ ചന്ദ്രശേഖര റാവുവിന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ ലോകസഭ തിരഞ്ഞെടുപ്പും ഉണ്ട്. പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുക എന്നത് ചന്ദ്രശേഖര റാവുവിന്റെ വലിയ സ്വപ്നമാണ്. ആ ലക്ഷ്യത്തിലേക്ക് ചന്ദ്രശേഖര റാവുവിന് ഇനി അധികം ദൂരമില്ലന്നതാണ് അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നത്. ഈ അവകാശവാദം അതിരു കടന്നതായാലും ഒരു കാര്യം എന്തായാലും ഉറപ്പാണ്. തെലങ്കാന സർക്കാറിന്റെ കേസും അന്വേഷണവും എല്ലാം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെയും കേന്ദ്ര സർക്കാറിനെയും വലിയ രൂപത്തിലാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അതെന്തായാലും. . പറയാതെ വയ്യ . . .
EXPRESS KERALA VIEW