ദോഹ: ഖത്തറിനെ നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്ട്രമാക്കുമെന്ന് അമേരിക്ക. ഇതുവഴി നാറ്റോ സഖ്യസേനയുടെ പുറത്തു നിന്നുള്ള ഒരു വിദേശ രാഷ്ട്രത്തിന് ലഭിക്കുന്ന വാഷിങ്ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങള്‍ ഖത്തറിന് ലഭിക്കും. നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള പ്രധാന പങ്കാളിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അമേരിക്കന്‍ ഡെപ്യൂട്ടി അസി. സ്‌റ്റേറ്റ് സെക്രട്ടറി തിമോത്തി ലാന്‍ഡര്‍കിങ് പറഞ്ഞു.
അല്‍ ഉദൈദ് വ്യോമതാവളം നാറ്റോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അമേരിക്കന്‍ സൈനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കടമ്പകള്‍ മറികടക്കാന്‍ മേജര്‍ നോണ്‍- നാറ്റോ അലൈ (എം.എന്‍.എന്‍.എ) പദവിയിലൂടെ സാധിക്കും. നിലവില്‍ 17 രാജ്യങ്ങളാണ് നാറ്റോയുടെ എം.എന്‍.എന്‍.എ പദവിയിലുള്ളത്.
2004ല്‍ ഒപ്പുവെച്ച ഇസ്തംബൂള്‍ കരാറിന്റെ ഭാഗമായാണ് ഖത്തറും നാറ്റോയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷ സഹകരണം ആരംഭിക്കുന്നത്. 2018ല്‍ ഖത്തറും നാറ്റോയും തമ്മില്‍ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും ഒപ്പുവെച്ചിരുന്നു.