ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ 13 ഉപാധികള്‍ വെട്ടിച്ചുരുക്കി സൗദി സഖ്യം

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ മുന്നോട്ട് വെച്ച 13 ഉപാധികള്‍ ആറായി വെട്ടിച്ചുരുക്കി സൗദി സഖ്യം.

ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറെന്ന സൂചനയും മുന്നോട്ട് വെച്ചാണ് സൗദിസഖ്യം രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ 22ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ അവ പരിഷ്‌കരിച്ച് പുതിയ ആറ് തത്ത്വങ്ങളെന്ന പേരിലാണ് പുതിയവ.

തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാനുള്ള പ്രതിജ്ഞാബദ്ധതയും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങളുമാണ് പുതിയ ഉപാധിയിലുള്ളത്. യു.എന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ യു.എന്‍. സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഉപാധികള്‍ ഖത്തറിന് നല്‍കാനായി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ജൂലായ് അഞ്ചിന് കെയ്‌റോയില്‍ നടന്ന യോഗത്തില്‍ പുതിയ ഉപാധികള്‍ സൗദി സഖ്യത്തിലെ വിദേശകാര്യമന്ത്രിമാര്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ ഉപാധികള്‍ ഖത്തറിന് അനായാസം അംഗീകരിക്കാന്‍ കഴിയുന്നവയാണെന്നാണ് സൗദി സ്ഥാനപതിയുടെ വിശദീകരണം. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആറ് ഉപാധികളും മുന്നോട്ട് വെച്ചിരിക്കുന്നത്.

സൗദി സഖ്യത്തിന്റെ പുതിയ ആറ് ഉപാധികള്‍

* എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തേയും ഭീകരവാദത്തേയും എതിര്‍ക്കുന്നതിനൊപ്പം അവക്കുള്ള സഹായധനവും താവളവും തടയുക.

* വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രകോപനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുക.

* ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് കൊണ്ട് 2013ലെ റിയാദ് കരാറും 2014 ലെ അനുബന്ധ കരാറും അതിന്റെ നടപ്പാക്കല്‍ രീതിയും പൂര്‍ണമായും പാലിക്കുക.

* 2017 മേയില്‍ റിയാദില്‍ നടന്ന അറബ്ഇസ്ലാമിക്അമേരിക്കന്‍ ഉച്ചകോടിയുടെ താത്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുക.

* രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ലെന്ന് മാത്രമല്ല നിയമവിരുദ്ധ സ്ഥാപനങ്ങളെ പിന്തുണക്കുന്നത് നിര്‍ത്തലാക്കുക.

* അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉളവാക്കുന്ന എല്ലാതരം തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.

പുതിയ ഉപാധികളില്‍ അനുരഞ്ജനമില്ല. അവ നടപ്പാക്കുകയും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും വേണം. പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ അവ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സൗദി സഖ്യം ഖത്തറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അല്‍ ജസീറ പൂട്ടാതെത്തന്നെ ഉപാധികള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതാണെന്നും അക്രമം ഇല്ലാതാക്കുകയെന്ന ആശയത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പഴയ അവസ്ഥയിലാകാന്‍ ബുദ്ധിമുട്ടാണെന്ന് യു.എന്നിലെ യു.എ.ഇ. സ്ഥിരപ്രതിനിധി ലാന നുസ്സൈബയും വ്യക്തമാക്കി. പന്ത് ഇപ്പോള്‍ ഖത്തറിന്റെ കോര്‍ട്ടിലാണെന്നും ഗൗരവപരമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും യു.എ.ഇ. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം അല്‍ ഹാഷിമിയും അഭിപ്രായപ്പെട്ടു. പ്രതിസന്ധിയില്‍ അമേരിക്കയുടെ ഇടപെടല്‍ പരിഹാരത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും റീം പ്രതികരിച്ചു. ഖത്തറും യു.എസും. തമ്മില്‍ തീവ്രവാദ സഹായധനത്തിനെതിരെ ഒപ്പുവെച്ച കരാര്‍ മികച്ച ചുവടുവെയ്പാണെന്നാണ് നേരത്തെ അവര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം സൗദി സഖ്യത്തിന്റെ പുതിയ ഉപാധി സംബന്ധിച്ച് ഖത്തര്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതുമായ നടപടികള്‍ അംഗീകരിക്കില്ലെന്ന് നേരത്തെത്തന്നെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ജസീറ പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികത്താവളം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളായിരുന്നു നേരത്തെ സൗദിസഖ്യം മുന്നോട്ടുവെച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമായ ഉപാധികള്‍ നടപ്പാക്കാന്‍ കഴിയാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തര്‍ മറുപടിയും നല്‍കിയിരുന്നു. ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം ഒന്നരമാസം പിന്നിടുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്കും പ്രതിസന്ധി പരിഹരിക്കാനുമുള്ള സന്നദ്ധതയുമാണ് പുതിയ ഉപാധിയിലൂടെ സൗദിസഖ്യം പ്രകടമാക്കുന്നതെന്നാണ് സൂചന.

Top