കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും 52 ദിവസത്തില്‍ ഏറെ ആയി ജയിലില്‍ കഴിയുകയാണെന്നും സൂരജ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
കഴിഞ്ഞ ദിവസം പ്രതികളായ ടി ഒ സൂരജ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ മുന്‍ അസി.ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കണ്ടെത്താനുണ്ടെന്നും ആണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.
ആഗസ്റ്റ് മുപ്പതിനാണ് പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം നാലു പേർ അറസ്റ്റിലായത്. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഡാലോചന നടത്തിയെന്നും അധികാര ദുർവിനിയോഗമുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.