തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തയ്ക്കെതിരെ പ്രതികരണം കുറിച്ച് ജോസഫ് വാഴയ്ക്കന്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാഴയ്ക്കന് പ്രതികരണം കുറിച്ചത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ ആണ് നാളിത് വരെ ഒറ്റ കൊടിയേ പിടിച്ചിട്ടുള്ളൂ എന്നും ഒരു പ്രത്യയശാസ്ത്രം മാത്രമേ നയിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘അഞ്ചു പതിറ്റാണ്ടോളമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ ആണ് നാളിത് വരെ ഒറ്റ കൊടിയേ ഞാന്‍ പിടിച്ചിട്ടുള്ളൂ ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തില്‍ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സില്‍ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും.
ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നില്‍ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കള്ളം പ്രചരിപ്പിക്കുമ്ബോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയില്‍ മാത്രമാണിത്. ഈ വാര്‍ത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കട്ടെ കടല്‍ ഒരിക്കലും കായലില്‍ ചേരാറില്ല കായല്‍ കടലില്‍ ആണ് പതിക്കുന്നത്.
ഈ കാലഘട്ടത്തിന് അനുയോജ്യമായ വാര്‍ത്ത ജോസഫ് വാഴക്കന് കേരള കോണ്‍ഗ്രസില്‍ ചേരുന്നു എന്നതിനേക്കാള്‍ ജോസ് കെ മാണി സ്വന്തം പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നു എന്ന വാര്‍ത്ത ആയിരിക്കും കൂടുതല്‍ ഉചിതം.’ ജോസഫ് വാഴയ്ക്കന് വ്യക്തമാക്കി.