ഡല്‍ഹി : തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കള്‍ അറസ്റ്റില്‍. അസമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എത്തിയപ്പോഴാണ് ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
ഫരീദാബാദ് സ്വദേശികളായ ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറല്‍ കോച്ചിനുള്ളില്‍ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കള്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവര്‍ക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.
ഓടുന്ന ട്രെയിനിനുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടര്‍ പരിശോധനയില്‍ ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്റ്റേഷനായ അലിഗഡില്‍ ട്രെയിന്‍ നിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്. പ്ലാറ്റ്ഫോമുകളിലോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ കടകളിലോ ഇത്തരം സാധനങ്ങള്‍ വില്‍ക്കില്ല. പ്രതികള്‍ കൂടെ കൊണ്ടുവന്നതാകാമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആര്‍പിഎഫിന്റെ അലിഗഡ് പോസ്റ്റ് കമാന്‍ഡര്‍ രാജീവ് ശര്‍മ്മ വ്യക്തമാക്കി.