ബെംഗളൂരു : കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിരുന്നു. ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപകൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണിതെന്നും റിപ്പോർട്ടിലുണ്ട്. അനൂപിനെയും റിജേഷ് രവീന്ദ്രനെയും മറയാക്കി തുടങ്ങിയ ഇവന്റ് മാനേജ്‌മെൻറ് കമ്പനികളെ കുറിച്ചും ഇ.ഡി അന്വേഷിക്കും. ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ മറ്റൊരു കണ്ടത്തൽ. ഈ സാഹചര്യത്തിൽ ബിനീഷിനെതിരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസൈടുത്തേക്കും.
അതേസമയം ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ തേടുകയാണ് ഇ.ഡി. കേരളത്തിലെ ബാങ്കുകളിൽ നിന്നടക്കം ആവശ്യപ്പെട്ട രേഖകൾ ഈയാഴ്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൊച്ചിയിലെ റിയാന്‍ഹ ഇവന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലെ യൗഷ് ഇവന്‍റ് മാനേജ്മെന്‍റ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴി വലിയ തുകകൾ വെളിപ്പിച്ചെടുത്തെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുഹമ്മദ് അനൂപിനെ ഉപയോഗിച്ച് ബിനീഷ് ലഹരി വില്‍പന നടത്തിയെന്ന് കർണാടക സ്വദേശികളായ സുഹാസ് കൃഷ്ണ ഗൗഡയും മൊഴി നൽകിയിട്ടുണ്ട്. ബിനീഷ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണെന്ന വിലയിരുത്തലിലാണ് ഇ.ഡി.