ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച പകല്‍ 11ന് വെര്‍ച്വലായി സംഘടിപ്പിക്കും. ഏഴര മാസത്തിന് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയാകും. സഹമന്ത്രി അനുരാഗ് ടാക്കൂറും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതിനിധീകരിക്കും.

ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങല്‍ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തില്‍ ചര്‍ച്ചയായേക്കും. കോവിഡ് രണ്ടാംവരവോടെ മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി ദയനീയമായി. അതിനാല്‍ കൂടുതല്‍ കേന്ദ്ര സഹായം സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും. കോവിഡുമായി ബന്ധപ്പെട്ട അവശ്യ മരുന്നുകളുടെയും സാധന സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ജിഎസ്ടി ഉപേക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെടും.

പൂജ്യം നികുതി നിര്‍ദേശം മുന്നോട്ടുവയ്ക്കും. നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി, കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്ന കാലാവധി നേരത്തേ നിശ്ചയിച്ച 2022നും അപ്പുറത്തേക്ക് നീട്ടണമെന്ന് കൂട്ടായി ആവശ്യപ്പെടാന്‍ കേരളം അടക്കം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

Top