പാളയത്തെ മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിര്‍ണായക യോഗം ഇന്ന്

കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിര്‍ണായക യോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. വ്യാപാരികളുമായാണ് ചര്‍ച്ച നടത്തുന്നത്. മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായെത്തിയതോടെയാണ് യോഗം ചേരാന്‍ തീരുമാനം.

പാളയം മാര്‍ക്കറ്റ് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് വ്യാപാരികള്‍. നഗര ഹൃദയത്തില്‍ നിന്ന് മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതോടെ വ്യാപാരത്തെ മോശമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനുവരിയോടെ മാര്‍ക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലാണ്.

അഞ്ചര ഏക്കര്‍ സ്ഥലത്ത് കല്ലുത്താന്‍കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ 100 ചില്ലറ വ്യാപാരികള്‍ക്കും 30 മൊത്തക്കച്ചവടക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഉണ്ടാകും. 60 കോടി രൂപയാണ് കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ്. മാര്‍ക്കറ്റ് മാറ്റുന്നതോടെ പാളയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന കണ്ക്ക് കൂട്ടലിലാണ് കോര്‍പറേഷന്‍.

Top