ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയുമായി ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.
അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി ദീപങ്ങള്‍ ഒരുക്കും. രംഗോലികള്‍ തയ്യാറാകും. മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങുമുള്ള മലയാളികള്‍ ദീപാവലി ആഘോഷത്തിലാണ്.
ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്. രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാന്‍ അയോദ്ധ്യാവാസികള്‍ ദീപാലങ്കാരങ്ങള്‍ നടത്തിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണന്‍ ദുഷ്ടനായ നരകാസുരനെ വധിച്ചതില്‍ സന്തുഷ്ടരായ ദേവകള്‍ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം.